പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയില്‍ ലഹരിവില്പനയും അനാശാസ്യ പ്രവർത്തനങ്ങളും അതിരുവിട്ടതോടെ നേരിട്ടുള്ള പ്രതിരോധവുമായി നാട്ടുകാർ രംഗത്ത്. “കഞ്ചാവിനും ലഹരിക്കും പെണ്ണിനുമായി ഇങ്ങോട്ട് വന്നാല്‍ തല്ലുറപ്പ്” എന്നെഴുതിയ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം അറിയിക്കുന്നത്.

‘ഭായ് കോളനി’ എന്നും ‘ബംഗാള്‍ കോളനി’ എന്നും അറിയപ്പെടുന്ന ഈ പ്രദേശം ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറിയതോടെയാണ് ജനങ്ങള്‍ നിയമം കൈയിലെടുക്കാൻ നിർബന്ധിതരായത്.ലഹരി വിരുദ്ധ സമിതി രൂപീകരിച്ച്‌ നാട്ടുകാർ കാവല്‍ ഏർപ്പെടുത്തി. ലഹരി തേടിയെത്തുന്നവരെ കായികമായി നേരിടുമെന്നാണ് ഇവരുടെ പ്രഖ്യാപനം. പകല്‍സമയത്തുപോലും പരസ്യമായി ലഹരി ഉപയോഗിക്കുന്നതും വില്‍ക്കുന്നതും ഇവിടെ പതിവാണ്. മറ്റ് ജില്ലകളില്‍ നിന്നുപോലും ആളുകള്‍ ഇവിടേക്ക് എത്തുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കഞ്ചാവ് പിടികൂടിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബറില്‍ നടന്ന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ ഹെറോയിനും പണവും നോട്ട് എണ്ണുന്ന യന്ത്രവും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തങ്ങള്‍ക്ക് എതിർപ്പില്ലെന്നും എന്നാല്‍ കോളനിയുടെ മറവില്‍ നടക്കുന്ന ലഹരി മാഫിയാ പ്രവർത്തനങ്ങള്‍ അനുവദിക്കില്ലെന്നും വെങ്ങോല പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. മലയാളത്തിലുള്ള ബോർഡുകള്‍ ഇതരസംസ്ഥാനക്കാർക്ക് മനസ്സിലാകില്ലെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്ന്, ഹിന്ദിയിലും ബംഗാളിയിലും ഉടൻ ബോർഡുകള്‍ സ്ഥാപിക്കാനാണ് ലഹരി വിരുദ്ധ സമിതിയുടെ തീരുമാനം.നാർക്കോട്ടിക് കണ്‍ട്രോള്‍ ക്ലബ് പോലുള്ള സംഘടനകളും നാട്ടുകാരുടെ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. പോലീസിനും എക്സൈസിനും നിയന്ത്രിക്കാൻ കഴിയാത്ത വിധം ലഹരി വ്യാപാരം ശക്തിപ്പെട്ടതോടെയാണ് ഈ ‘നാട്ടുനീതി’ നടപ്പിലാക്കാൻ പ്രദേശവാസികള്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക