പെരുമ്പാവൂരില്‍ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുല്‍ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലാണ് മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നത്.
സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുള്‍, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മില്‍ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് മൂന്ന് സഹോദരന്മാർ ഉള്‍പ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചത്. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ പല്ലുകള്‍ ഒടിഞ്ഞു പോയിരുന്നു. പ്രതികളെ കമ്പനിയില്‍ നിന്നുതന്നെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നൂറുല്‍ ഹുസൈന്‍റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

















