ഹരിയാനയില്‍ അടപടലം വീണു, ജമ്മുകശ്മീരില്‍ പെറുക്കികൂട്ടി ആറ് സീറ്റ്.. സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തകർന്നടിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്.
അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഹരിയാനയില്‍, കോണ്‍ഗ്രസിന് 10 വർഷത്തിന് ശേഷവും അവസരം നല്‍കാൻ ജനങ്ങള്‍ തയ്യാറായില്ല. ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറൻസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും പത്ത് സീറ്റുകള്‍ ഒപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞതുമില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമായ ജനവിധിയായിരുന്നു ഇരുസംസ്ഥാനങ്ങളിലും. ഈ സാഹചര്യത്തില്‍ മലയാളികള്‍ എയറിലാക്കിയത് എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെയാണ്. അതിന് വഴിയൊരുക്കിയതാകട്ടെ മുൻ എംഎല്‍എ അനില്‍ അക്കരയും.
ഇന്നുരാവിലെയായിരുന്നു കെസിയെ പുകഴ്‌ത്തി അനില്‍ അക്കര പോസ്റ്റ് പങ്കുവച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയ്‌ക്ക് ഒപ്പം, പ്രതിപക്ഷ നേതാവ് രാഹുലിനൊപ്പം ഹരിയാനയിലും കശ്മീരിലും ഇനി ഇന്ത്യ മുന്നണിയുടെ സർക്കാർ. രാജ്യത്തിന്റെ അഭിമാനമായ കെസിക്ക് അഭിവാദ്യങ്ങള്‍. – എന്നായിരുന്നു അനില്‍ അക്കരയുടെ കുറിപ്പ്. ഇതിന് പിന്നാലെ ഹരിയാനയിലെ യഥാർത്ഥ ട്രെൻഡുകള്‍ പുറത്തുവന്നു തുടങ്ങി. നൈസായി പോസ്റ്റിലെ ഹരിയാന മുക്കുകയായിരുന്നു അനില്‍ അക്കര. കെസിക്കുള്ള അഭിവാദ്യം അതേപടി തുടരുകയും ചെയ്തു. ഇതോടെ കമന്റ് സെക്ഷനില്‍ മലയാളികള്‍ ട്രോളുകളുടെ പെരുമഴയായിരുന്നു തീർത്തത്. കുറിപ്പില്‍ നിന്ന് ഹരിയാന മുക്കിയത് പലരും കണ്ടുപിടിച്ചിരുന്നു. ഹരിയാനയില്‍ സർക്കാർ ഉണ്ടാക്കാൻ കഴിയാത്തതിനാണോ കശ്മീരില്‍ ആറ് സീറ്റ് മാത്രം നേടിയതിനാണോ കെസിക്ക് അഭിനന്ദനമെന്നും അനില്‍ അക്കരയോട് ചിലർ ചോദിച്ചു. കെസിക്ക് ഇതിനേക്കാള്‍ സീറ്റ് ബസ്സില്‍ കിട്ടുമെന്നായിരുന്നു മറ്റൊരു കമന്റ്. പ്രശംസിക്കാൻ ഉദ്ദേശിച്ചതാണെങ്കിലും നേർവിപരീത ഫലമുണ്ടാക്കിയിരിക്കുകയാണ് അനില്‍ അക്കരയുടെ കുറിപ്പ്.

















