എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2024 ല്‍ രണ്ടാം തവണയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ അന്തിമഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് പ്രവചനങ്ങള്‍ക്ക് ലഭിച്ചത്. ബിജെപി മുന്നൂറിനും നാനൂറിനും ഇടയില്‍ സീറ്റുകള്‍ നേടി ഭരണം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത്. ഭൂരിഭാഗവും 350 ന് മുകളില്‍ സീറ്റുകള്‍ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 240 സീറ്റായി ചുരുങ്ങി. കേവല ഭൂരിപക്ഷത്തേക്കാള്‍ 32 സീറ്റിൻ്റെ കുറവ്. തൊട്ടു പിന്നാലെ നടന്ന ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പുകളും അവസാന ഫലങ്ങളുടെ വിശ്വസനീയമായ സൂചകങ്ങളല്ല എക്സിറ്റ് പോളുകള്‍ എന്ന് വീണ്ടും അടിവരയിടുകയാണ്.

ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപി തകർന്നടിയുമെന്നും കോണ്‍ഗ്രസ് വൻ ഭൂരിപക്ഷത്തില്‍ അധികാരം തിരിച്ചുപിടിക്കുമെന്നായിരുന്നു എല്ലാ സർവേകളും പ്രവചിച്ചിരുന്നത്. എന്നാല്‍ ഇവയെ എല്ലാം അസ്ഥാനത്താക്കിയാണ് ഫലം പുറത്തു വന്നിരിക്കുന്നത്. വോട്ടെണ്ണല്‍ എകദേശം അവസാനിക്കാറാകുമ്ബോള്‍ കേവല ഭൂരിപക്ഷവും മറികടന്ന് ഇപ്പോള്‍ 49 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 35 ഇടത്താണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറൻസ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും കേവല ഭൂരിപക്ഷം കടക്കില്ലെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ 59 സീറ്റുകളിലാണ് മുന്നണി ലീഡ് ചെയുന്നത്. 28 ഇടത്താണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷവും മറികടന്ന് വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇന്ത്യ മുന്നണി കശ്മീരില്‍ മുന്നേറിയിരിക്കുന്നത്.

2023 ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിലും പ്രവചനങ്ങള്‍ തെറ്റിയിരുന്നു. കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്നായിരുന്നു എല്ലാ സർവേകളും പറഞ്ഞിരുന്നത്. എന്നാല്‍ 90 അംഗ നിയമസഭയില്‍ 54 സീറ്റുകളുമായി ബിജെപി അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസ് 34 ല്‍ ഒതുങ്ങി. 2021 ല്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു ഭൂരിപക്ഷം സർവേ ഫലങ്ങളും. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി ഭരണ തുടർച്ച ഉറപ്പാക്കി. ബിജെപി 77 സീറ്റില്‍ ചുരുങ്ങി.

2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും പിടിച്ചെടുത്ത ആം ആദ്മി പാർട്ടിയുടെ മൃഗീയ ഭൂരിപക്ഷത്തിലുള്ള വിജയവും പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയായിരുന്നു. 2015ലും 2020ലും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. 2015ല്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി മുന്നേറ്റം നടത്തുമെന്നായിരുന്നു സർവേ ഫലങ്ങള്‍ എന്നാല്‍ കോണ്‍ഗ്രസ് -ആര്‍ജെഡി-ജെഡിയു എന്നിവരടങ്ങിയ മഹാഗത്ബന്ധൻ സഖ്യം ഭരണത്തില്‍ എത്തുകയായിരുന്നു. മഹാഗത്ബന്ധൻ 178 സീറ്റുകള്‍ നേടിയാണ് ബിജെപിയേയും പ്രവചനങ്ങളേയും അപ്രക്തമാക്കിയത്. എൻഡിഎ വെറും 54 സീറ്റിലൊതുങ്ങി.

2020ല്‍ മഹാഗത്ബന്ധൻ സഖ്യത്തില്‍ നിന്നും ജെഡിയു പിൻമാറി ബിജെപിക്കൊപ്പമാണ് മത്സരത്തിനിറങ്ങിയത്. കോണ്‍ഗ്രസ്- ആർജെഡി സഖ്യം അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ വിജയം ബിജെപി-ജെഡിയു സഖ്യത്തിനൊപ്പമായിരുന്നു. 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട അടല്‍ ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് തുടർ ഭരണമായിരുന്നു സർവേ ഫലങ്ങള്‍ നല്‍കിയത്. 240 മുതല്‍ 275 വരെ സീറ്റുകള്‍ നേടി അധികാരം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ അവകാശവാദം. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 187 സീറ്റുകള്‍ മാത്രമാണ് നേടിയത്. കോണ്‍ഗ്രസും സഖ്യകക്ഷികളും അടങ്ങിയ യുപിഎ 216 സീറ്റുകളില്‍ വിജയിച്ചു. ഇടതുമുന്നണിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത് പാളിയതോടെ എക്സിറ്റ് പോളുകള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത്. തന്റെ ഏജൻസി പുറത്തുവിട്ട എക്‌സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവുമായി വിദൂര ബന്ധം പോലുമില്ലെന്ന് തെളിഞ്ഞതോടെ ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത ചാനല്‍ മുറിയിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ബിജെപിയെ മോദി ‘ചാർ സൗ പാറിലേക്ക്’ (400 സീറ്റുകളിക്ക്) എത്തിച്ചു കഴിഞ്ഞു. 361 മുതല്‍ 401 വരെ സീറ്റുകള്‍ ഒറ്റയ്ക്ക് നേടി ബിജെപി വൻ വിജയം നേടുമെന്നായിരുന്നു പ്രദീപ് ഗുപ്തയുടെ ഏജൻസിയുടെ പ്രവചനം. അന്തിമഫലംവന്നപ്പോള്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പോലും നേടാനായിരുന്നില്ല. ഗുപ്തയുടെ പൊട്ടിക്കരച്ചില്‍ സോഷ്യല്‍ മീഡിയകളില്‍ വൻ ട്രോളുകള്‍ക്ക് വഴി തുറന്നിരുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യഥാർത്ഥ ഫലങ്ങളുടെ ഏഴയലത്ത് പോലും വരുന്നില്ല എന്നാണ് 2024 ല്‍ ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ ഇന്ത്യയില്‍ പരാജയപ്പെടുന്നത് തുടര്‍ക്കഥയാകുന്നത് അവയുടെ വിശ്വാസ്യതയെപ്പറ്റി വീണ്ടും വ്യാപക ചർച്ചകള്‍ക്ക് വഴിവക്കാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക