കൊച്ചി: നിർമ്മല കോളേജിന് പിന്നാലെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക ഇടം വേണമെന്ന ആവശ്യവുമായി എറണാകുളം ജില്ലയിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍. എറണാകുളം പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് പ്രാർത്ഥന മുറി ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിൻസിപ്പല്‍ ദീപ്തിയെ സമീപിച്ചത്.
എന്നാല്‍ ഇത് വിസമ്മതിച്ചതോടെ തങ്ങളുടെ കുട്ടികളെ എല്ലാ ദിവസവും നമസ്‌കാര സമയങ്ങളില്‍ പള്ളിയില്‍ പോകാൻ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡൻ്റ് ബിജു പറയന്നിലം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്കൂളിൻ്റെ അച്ചടക്കത്തെ ബാധിക്കുമെന്നതിനാല്‍ മാതാപിതാക്കളുടെ ആവശ്യം പ്രിൻസിപ്പല്‍ ആദ്യം നിരസിച്ചെങ്കിലും ചർച്ചയ്ക്കൊടുവില്‍ വെള്ളിയാഴ്ചകളില്‍ വിദ്യാർത്ഥികള്‍ക്ക് നമസ്കാരത്തിന് പോകാൻ അനുവാദം നല്‍കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ സമ്മതിച്ചു. എന്നാല്‍ മറ്റൊരു രക്ഷിതാവ് പ്രാർത്ഥന മുറിയെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു പറയുന്നു.
സംഭവമറിഞ്ഞ് രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോർ പയസ് മലേക്കണ്ടത്തിലും കത്തോലിക്ക കോണ്‍ഗ്രസും ഈ ആവശ്യത്തിനെതിരെ ശക്തമായി രംഗത്തുവരികയും സ്‌കൂളിന് പിന്തുണ അറിയിക്കുകയും ചെയ്തു. പ്രിൻസിപ്പല്‍, ഇടവക വികാരി ഫാ.ജെയിംസ് വരാരപ്പള്ളി, ഫാ.ജേക്കബ് റാത്തപ്പള്ളി എന്നിവരുമായി വിഷയത്തില്‍ ചർച്ച നടത്തി. ജൂലൈ 29ന് സമാന സംഭവം മൂവാറ്റുപുഴ നിർമലാ കോളേജിലും ഉണ്ടായിരുന്നു. കോളേജിനുള്ളില്‍ നിസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചത്.
കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. കോളേജിന് സമീപത്തുള്ള മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജില്‍ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായാണ് വിദ്യാർത്ഥികള്‍ രംഗത്ത് എത്തിയത്.

















