രണ്ട് പ്രളയകാലത്തും പിന്നെ കോവിഡ് മഹാമാരിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Chief Minister’s Distress Relief Fund- CMRDF) കയ്യയച്ച് സഹായം കൊടുത്ത മലയാളികള്‍ വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതില്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ സിഎംഡിആർഎഫില്‍ 110.55 കോടി രൂപ മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഫണ്ട് വരവിനെ വല്ലാതെ ബാധിച്ചുവെന്നാണ് ജനങ്ങളുടെ ഈ നിസംഗത വെളിപ്പെടുത്തുന്നത്.
പ്രളയകാലത്ത് ആദ്യ ദിനങ്ങളില്‍ ലഭിച്ചതിൻ്റെ പത്തിലൊന്നു പോലും 14 ദിവസങ്ങള്‍ക്കിടയില്‍ ലഭിച്ചില്ല. ഫണ്ടുകള്‍ വക മാറ്റി ചിലവഴിച്ചതും, സിപിഎമ്മുകാര്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസുകളുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതുമൊക്കെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യതയെ വല്ലാതെ ബാധിച്ചു എന്ന് പറയാതെ വയ്യ. പ്രളയകാലത്ത് 4970 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി വന്നത്. ഇതില്‍ നിന്ന് 4738.77 കോടി വിവിധ പ്രവർത്തനങ്ങള്‍ക്കായി ചിലവഴിച്ചു. കോവിഡ് കാലത്ത് 1129.74 കോടി സിഎംഡിആർഎഫിലേക്ക് വന്നു. 1111.15 കോടി രൂപ ഈ ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്.
പ്രളയകാലത്ത് ലോകവ്യാപകമായി മലയാളി പ്രവാസി സംഘടനകള്‍ വലിയ തോതില്‍ ധന സമാഹരണം നടത്തി ദുരിതാശ്വാസ ഫണ്ടിനായി നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫിലെ കെഎംസിസി പോലുള്ള സംഘടനകളും മത-സാമുദായിക സംഘടനകളുമൊക്കെ ഇത്തവണ സ്വന്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്താനാണ് താല്പര്യം കാണിക്കുന്നത്. മിക്ക സംഘടനകളും സ്വന്തം നിലയിലുള്ള പാക്കേജുകള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് അഞ്ച് ദിവസത്തെ ശമ്ബളം കൂടി ലഭിച്ചാല്‍ വലിയൊരു തുക ഫണ്ടിലേക്ക് വരാനിടയുണ്ട്.
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ഇരകളുടെ പുനരധിവാസത്തിനും മുന്നോട്ടുള്ള ജീവിതത്തിനും കോടികള്‍ ആവശ്യമാണ്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുന്ന സർക്കാരിനെ ഈ ഘട്ടത്തില്‍ ചരടുകളില്ലാതെ സഹായിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ട്. പക്ഷേ, ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തരം നിസ്സഹകരണം ഉണ്ടെന്നാണ് ഫണ്ട് വരവിലെ മന്ദത സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് ഇതുവരെ സംസ്ഥാനത്ത് 40 ലധികം പേർക്കെതിരെ കേസുകളെടുത്തു.

















