കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള എഐസിസി നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ, കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച്‌ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍.സംസ്ഥാന മന്ത്രിസഭയിലെ അംഗമായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച്‌ കെപിസിസി പ്രസിഡന്റാകാന്‍ സന്നദ്ധത അറിയിച്ചതോടെ പാര്‍ട്ടിയിലെ അധികാര സമവാക്യങ്ങള്‍ മാറിമറിയുകയാണ്. മന്ത്രിപ്പണിയേക്കാള്‍ തനിക്ക് താല്പര്യം പാര്‍ട്ടി സംഘടനയെ നയിക്കാനാണെന്ന സണ്ണി ജോസഫിന്റെ നിലപാട് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വന്‍ സര്‍പ്രൈസുകള്‍ക്ക് വഴിവെച്ചേക്കും.

മന്ത്രി സണ്ണി ജോസഫിന്റെ അപ്രതീക്ഷിത അവകാശവാദത്തിന് പുറമെ, മുതിര്‍ന്ന നേതാവ് എം.എം. ഹസനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം വിശ്വസ്തനായ ജോസഫ് വാഴക്കനായി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതും ചര്‍ച്ചകളുടെ ചൂടുപകര്‍ന്നു. കെപിസിസി അധ്യക്ഷ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിന് മാത്രം അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന സന്ദേശമാണ് എഐസിസി നേതൃത്വം നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമുദായ സമവാക്യങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കണക്കിലെടുത്ത് വിപുലമായ സാധ്യതാപട്ടികയാണ് ഹൈക്കമാന്‍ഡ് തയാറാക്കിയിരിക്കുന്നത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരെല്ലാം എഐസിസിയുടെ സജീവ പരിഗണനയിലുണ്ട്. ദീര്‍ഘകാലത്തെ പാര്‍ലമെന്ററി പരിചയവും ദളിത് പ്രാതിനിധ്യവും മുന്‍നിര്‍ത്തി കൊടിക്കുന്നിലിന് മുന്‍ഗണന നല്‍കണമെന്ന് ഒരുവിഭാഗം ശക്തമായി വാദിക്കുന്നു. യുവാക്കള്‍ക്ക് നെടുനായകത്വം നല്‍കണമെന്ന വികാരമുയര്‍ന്നാല്‍ വടകരയിലെ ഉജ്ജ്വല വിജയവും മാസ് പബ്ലിക് അപ്പീലുമുള്ള ഷാഫി പറമ്പിലിനാകും നറുക്കുവീഴുക.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങള്‍ നയിക്കുന്ന കുഴല്‍നാടന്റെ ആക്രമണാത്മക ശൈലി കെപിസിസിക്ക് ഊര്‍ജ്ജമാകുമെന്ന വിലയിരുത്തലുമുണ്ട്. മധ്യതിരുവിതാംകൂറിലെ സമുദായ സമവാക്യങ്ങള്‍ പാലിച്ച്‌ ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതേസമയം, ‘എ’ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനും പാര്‍ട്ടിയില്‍ പൊതുസമ്മതനായ നേതാവിനെ പ്രതിഷ്ഠിക്കാനും ബെന്നി ബെഹന്നാന്റെ പേരും ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുന്നു.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി നടത്തുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഇല്ലാതെ ഏകകണ്ഠമായി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഡല്‍ഹി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക