കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം ഇരിട്ടിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഘടനാ ചുമതലയും ഭരണപരമായ ഉത്തരവാദിത്തങ്ങളും ഒരുപോലെ നിര്‍വ്വഹിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഹൈക്കമാന്‍ഡ് എപ്പോള്‍ ആവശ്യപ്പെടുന്നുവോ, ആ നിമിഷം തന്നെ താന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇരട്ടപ്പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നതിനോട് മന്ത്രിവിയോജിപ്പ് രേഖപ്പെടുത്തി.
അതേസമയം സണ്ണി ജോസഫിന്റെ പകരക്കാരെ ചുറ്റിപ്പറ്റി ചര്‍ച്ചകൾ സജീവമാണ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷതയാണ് ആവശ്യമെന്ന മുറവിളിയാണ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്നത്. എംഎൽഎമാരോ എംപിമാരോ ഈ പദവിയിലേക്ക് എത്തിയാൽ അവർക്ക് പാർട്ടിയെ ശ്രദ്ധിക്കാൻ നേരമില്ല എന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ സമ്മേളനം അല്ലെങ്കിൽ പാർലമെൻറ് സമ്മേളനം മണ്ഡലത്തിലെ പരിപാടികൾ എന്നിങ്ങനെ വർഷത്തിൽ നൂറു ദിവസവും ജനപ്രതിനിധി എന്ന നിലയിൽ ഒഴിവാക്കുവാൻ കഴിയാത്ത ഉത്തരവാദിത്വമുള്ളവർ അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ അത് സംഘടനയെ ദുർബലപ്പെടുത്തുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സാധ്യത വർദ്ധിപ്പിച്ച് വാഴയ്ക്കൻ
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ ഏറ്റവും അധികം ഉയർന്നു കേൾക്കുന്നത് ജോസഫ് വാഴക്കന്റെ പേരാണ്. വിട്ടുവീഴ്ചയില്ലാത്ത പാർട്ടി കൂറും, നിലവിൽ പാർലമെൻററി പദവികൾ വഹിക്കാത്തതും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. അതുപോലെതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നിർദ്ദേശം അനുസരിച്ച് ഏറ്റുമാനൂരിൽ പ്രവർത്തനം തുടങ്ങിയ ശേഷം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഒരു പരിഭവവും പറയാതെ പാർട്ടിക്കൊപ്പം നിലയുറപ്പിച്ചതും അദ്ദേഹത്തിന് അനുകൂല ഘടകമായി മാറിയിട്ടുണ്ട്. മുൻകാലങ്ങളിലെ മികച്ച സംഘടന പ്രവർത്തന പശ്ചാത്തലവും വാഴക്കനെപ്പോലെ ഒരു നേതാവിനെ പരിഗണിച്ചാൽ അത് നന്നായിരിക്കും എന്ന നിലയിലേക്ക് ചർച്ചകളെ എത്തിച്ചിട്ടുണ്ട്. കേരളത്തിൽ എമ്പാടും അറിയപ്പെടുന്ന നേതാവ് എന്ന നിലയിലും സംസ്ഥാനത്തുടനീളം പ്രവർത്തകരുമായി ബന്ധമുള്ള വ്യക്തി എന്ന നിലയിലും ജോസഫ് വാഴയ്ക്കൽ അധ്യക്ഷപദവിയിലേക്ക് എത്തുവാൻ ഏറ്റവും യോഗ്യനായ നേതാവാണ് എന്ന അഭിപ്രായവും നേതൃ തലത്തിൽ ശക്തമായി ഉടലെടുത്തിട്ടുണ്ട്.

















