കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം കൂടി പരിഗണിച്ച്‌ പുതിയ അധ്യക്ഷനെ നിയമിക്കുമെന്നാണ് വിവരം.

ജോസഫ് വാഴക്കന്‍, ബെന്നി ബെഹന്നാല്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്. കെസി വേണുഗോപാലിന്റെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രിയാവാനുള്ള കെസിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. അതീനാൽ സംഘടനാ തലത്തിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ ഗ്രൂപ്പ് നോമിനിയായി ഉയർത്തിക്കാട്ടുന്ന ബെന്നി ബഹനാന് കെസി വേണുഗോപാലന്റെ പിന്തുണയുണ്ടെന്ന് ആ വിഭാഗം അവകാശപ്പെടുന്നു. എന്നാൽ എംപിയായ ബെന്നി ബഹനാന് വീണ്ടും ഒരു പദവി കൂടി നൽകുന്നത് പാർട്ടിയുടെ ദേശീയ നയത്തിന് എതിരാണ് എന്ന വാദവും സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിക്കും എന്ന വാദവും ഇദ്ദേഹത്തിന് എതിരാണ്. ബെന്നി ബഹനാന്റെ പ്രവർത്തനശൈലിയോട് അതൃപ്ത്തിയുള്ള വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളും ഇദ്ദേഹത്തിൻറെ കടന്നുവരവിനെ എതിർക്കുവാൻ സാധ്യതയുണ്ട്.

രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും പിന്തുണയാണ് ജോസഫ് വാഴയ്ക്കന് ഏറ്റവും അനുകൂലമായ ഘടകം. ഏറ്റുമാനൂരിൽ അവസാനം നിമിഷം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടും പാർട്ടിക്കെതിരെ ഒരു അപസ്വരവും ഉയർത്താതെ കേരളത്തിൽ അങ്ങോളം ഇങ്ങോളം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായതും വാഴയ്ക്കന് കാര്യങ്ങൾ അനുകൂലമാക്കുന്നുണ്ട്. സംഘടന പ്രവർത്തന പാരമ്പര്യവും, കത്തോലിക്കാ സഭയുടെ പിന്തുണയും വാഴയ്ക്കന്റെ അവകാശവാദത്തിന് ശക്തി പകരുന്നു. മന്ത്രിസഭയിൽ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകൾക്ക് പ്രാതിനിധ്യം ലഭിക്കാതെ പോയതിനു പരിഹാരം കാണുവാനും ജോസഫ് വാഴയ്ക്കന്റെ സ്ഥാനലബ്ദി ഗുണം ചെയ്യും എന്നും വിലയിരുത്തപ്പെടുന്നു.

കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള കോൺഗ്രസ് നേതാവാണ് ഷാഫി പറമ്പിൽ. ഷാഫി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയാൽ കോൺഗ്രസിൽ തലമുറ മാറ്റം എല്ലാ അർത്ഥത്തിലും സാർത്ഥകമാകും എന്നും വിലയിരുത്തലുണ്ട്. പ്രവർത്തകർക്ക് ഇടയിൽ ആവേശം ഉണ്ടാക്കുവാനും ഈ തീരുമാനം സഹായകരമാകും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ മുസ്ലിം പ്രാതിനിധ്യത്തിന്റെ അതിപ്രസരം ചൂണ്ടിക്കാട്ടി ഷാഫിയുടെ വരവ് ഈ അവസരത്തിൽ യോജിച്ചതല്ല എന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായി ഉയരുന്നുണ്ട്. നിലവിൽ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തുള്ള ഷാഫി ആ പദവിയിൽ തുടരട്ടെ എന്ന് അഭിപ്രായമാണ് ഇവർ ഉയർത്തുന്നത്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ചു എന്നതിൻറെ പേരിൽ സംഭവിച്ച പ്രതിച്ഛായ നഷ്ടവും ഷാഫിക്ക് പ്രതികൂലമായി ഭവിക്കുന്ന ഒരു ഘടകമാണ്.

കൊടുക്കുന്നിൽ സുരേഷ് ഹൈക്കമാന്റിലുള്ള ബന്ധങ്ങൾ ഉപയോഗിച്ച് പദവിയിലേക്ക് ഉള്ള അവകാശവാദം ശക്തമായി ഉയർത്തുന്നുണ്ട്. കെപിസിസി അധ്യക്ഷപദവിയിലേക്ക് ദളിത് പ്രാധിനിത്യം എന്ന നിലയിലാണ് കൊടിക്കുന്നിൽ സ്വന്തം പേര് ഉയർത്തിക്കാട്ടുന്നത്. എന്നാൽ സംസ്ഥാനത്തെ നേതൃനിരയിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും വേണ്ടത്ര പിന്തുണ ആർജ്ജിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. സംഘടനയെ ചലിപ്പിക്കുവാൻ കൊടിക്കുന്നിൽ സുരേഷിന് സാധിക്കുമോ എന്ന കാര്യത്തിലും സംശയങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായി പാർലമെൻററി പദവിയിൽ തുടരുന്ന കൊടിക്കുന്നിൽ സുരേഷ് സംഘടനാ പ്രവർത്തനരംഗത്ത് പറയത്തക്ക പാരമ്പര്യം ഒന്നും കോൺഗ്രസ് പാർട്ടിയിൽ അവകാശപ്പെടുവാൻ സാധിക്കുന്ന ഒരു നേതാവല്ല എന്നതും ഇദ്ദേഹത്തിന് പ്രതികൂലമാകുന്ന ഘടകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക