കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എംപിയും എംഎല്‍എമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സില്‍.
കോണ്‍ഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ ഈ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതില്‍ സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെയാണ്. എംപിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ ശ്രദ്ധിക്കട്ടെ. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്നും ഫ്ലക്സില്‍ പറയുന്നുണ്ട്.
മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായവിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന് നേരത്തെ വിമർശനങ്ങള്‍ ഉയർന്നുവന്നിരുന്നു. എന്നാല്‍, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനമൊന്നും എടുത്തിട്ടില്ല. കെപിസിസി പ്രസിഡൻറ് പുറമെ രണ്ടു വർക്കിംഗ് പ്രസിഡണ്ടുമാരും മന്ത്രിസഭയിൽ എത്തിയതോടെ പാർട്ടി സംവിധാനം നിർജീവമായ അവസ്ഥയിലാണെന്നും വിമർശനം സജീവമാണ്.

















