ഉത്തര്‍പ്രദേശ് അമ്രോഹ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന അപൂര്‍വ വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇൻഫ്ലുവന്‍സര്‍മാരായ മൂന്ന് സഹോദരിമാര്‍ വിവാഹം കഴിച്ചത് തങ്ങളുടെ ക്യാമറാമാനെയായിരുന്നു.
ശ്യാംപുരി നിവാസിയായ വികാസ് എന്ന വിക്കു (23) ആണ് വരൻ. ധോരിയ ഗ്രാമത്തില്‍ നിന്നുള്ള സഹോദരിമാരായ ദേവിക (18), ഛവി (19), മെഹർപൂർ ഗ്രാമത്തില്‍ നിന്നുള്ള അവരുടെ ബന്ധു അല്‍ക (20) എന്നിവരാണ് വധുക്കള്‍. ജൂലൈ 15ന് നടന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാവ് പെണ്‍കുട്ടികളെ സിന്ദൂരമണിയിക്കുകയും വലംവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
ഇവരെ ഹസൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിച്ച് രേഖാമൂലമുള്ള പ്രസ്താവനകള്‍ സമർപ്പിക്കാനും നിർദേശിച്ചു. രേഖകള്‍ പരിശോധിച്ചു വരികയാണെന്നും നിയമലംഘനം കണ്ടെത്തിയാല്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും സീനിയർ സബ് ഇൻസ്പെക്ടർ അമിത് കുമാർ പറഞ്ഞു.
കഴിഞ്ഞ ആറ് മാസമായി സോഷ്യല്‍ മീഡിയ വീഡിയോകളില്‍ വികാസ് സ്ത്രീകളുടെ ഭർത്താവായി പ്രത്യക്ഷപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ മൂവരും പൊലീസിനോട് പറഞ്ഞു. യുവതികള്‍ക്കായി കുടുംബം വിവാഹം ആലോചിക്കാൻ തീരുമാനിച്ച സമയത്താണ് ക്യാമറാമാനെ വിവാഹം കഴിക്കാൻ പെണ്‍കുട്ടികള്‍ തീരുമാനിക്കുന്നത്. ചെറുപ്പം മുതലേ ഒരുമിച്ച് വളർന്ന തങ്ങള്‍ക്ക് വിവാഹശേഷം വെവ്വേറെ വീടുകളിലേക്ക് പോകാൻ താല്പര്യമില്ലായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു.
വിവാഹത്തിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. വിവാഹം സനാതന പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിമർശനങ്ങള്‍ക്ക് മറുപടിയായി, തങ്ങള്‍ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും സ്ത്രീകള്‍ പ്രാദേശിക മാധ്യമപ്രവർത്തകരോട് വിശദമാക്കി. ”ദശരഥരാജാവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.ഞങ്ങള്‍ മൂന്നു പേരും അതീവ സന്തുഷ്ടരാണ്, ഒരു മതത്തെയും അപമാനിച്ചിട്ടില്ല” യുവതികള്‍ പറയുന്നു.
വിവാഹച്ചടങ്ങ് നടന്നുവെന്ന പറയപ്പെടുന്ന ദിവസം ക്ഷേത്രത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടക്കുകയായിരുന്നുവെന്നും ഒരു പുരോഹിതനും അവിടെ ഉണ്ടായിരുന്നില്ലെന്നും ചാമുണ്ഡ ക്ഷേത്ര മാനേജർ ഡോ. ശിവചരണ്‍ ദാസ് പറഞ്ഞു.

















