വാണിയംകുളത്ത് നിന്ന് എട്ടുദിവസം മുൻപ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയില്‍ നിന്ന് കണ്ടെത്തി.ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ കർണാടകയിലെ ചാമരാജ് നഗറില്‍ നിന്ന് കുടുംബത്തെ കണ്ടെത്തിയത്. ഇവർ അവിടെ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു.

വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടില്‍ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9 മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിലാണ് വീടുവിട്ടുപോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്നീട് മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍ പിക്കപ്പ് വാഹനം കണ്ടെത്തിയത് കേസില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചു. വാഹനം ഉപേക്ഷിക്കുമ്പോള്‍ മകൻ വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആയിരുന്നതും അവസാന ടവർ ലൊക്കേഷൻ വീടിനടുത്ത് തന്നെയായിരുന്നതും അന്വേഷണം ദുഷ്കരമാക്കി. സിസിടിവി ദൃശ്യങ്ങള്‍, വാഹനത്തിന്റെ സഞ്ചാരപാത, സാങ്കേതിക തെളിവുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഷൊർണൂർ പോലീസിന്റെ അന്വേഷണം. തുടർന്ന് കുടുംബം മൈസൂരു-ചാമരാജ് നഗർ മേഖലയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്.

കുടുംബത്തെ കണ്ടെത്തിയെങ്കിലും എന്തുകൊണ്ടാണ് ഇവർ വീട് വിട്ടുപോയത്, സാമ്പത്തികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ഇതിന് പിന്നിലുണ്ടോ, മറ്റേതെങ്കിലും സമ്മർദമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. കുടുംബത്തെ കേരളത്തിലെത്തിച്ച്‌ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമേ കാണാതാകലിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക