വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ഊർജിതമാക്കി പൊലീസ്.കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതും ഉള്‍പ്പെടെയുള്ള നിർണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
അന്വേഷണത്തില്‍, കർണാടകയിലേക്ക് വാഹനം കടക്കുമ്പോള്‍ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവർ വാഹനത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി. എന്നാല്‍ വാഹനം പിന്നീട് കേരളത്തില്‍ ഉപേക്ഷിക്കുമ്പോള്‍ വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എവിടേക്ക് പോയി, ബാബു ഭാസ്കറും രമാദേവിയും എവിടെയായി എന്നീ ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി നിലവിലെ അന്വേഷണ സംഘത്തിന് പുറമെ മറ്റൊരു പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാണിയംകുളം സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവർ വീട്ടില്‍ നിന്ന് പുറത്തുപോയത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണെന്ന് അയല്‍വാസികളോട് പറഞ്ഞാണ് ഇവർ യാത്രതിരിച്ചത്. എന്നാല്‍ പിന്നീട് അത്തരമൊരു വിവാഹച്ചടങ്ങ് എവിടെയും നടന്നിട്ടില്ലെന്ന് വ്യക്തമായി. കുടുംബത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ബന്ധുക്കള്‍ ഷൊർണൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

















