ഹൈദരാബാദില്‍ യാത്രക്കൂലി നല്‍കാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി.പണം ചോദിച്ചാല്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദൃശ്യങ്ങളില്‍, ഡ്രൈവർ യുവതിയോട് യാത്രക്കൂലി നല്‍കാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത് കാണാം.എന്നാല്‍ പണം നല്‍കാൻ കൂട്ടാക്കാതെ യുവതി ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു. ഡ്രൈവർ തന്നെ ഉപദ്രവിക്കുകയാണെന്നും ഉടൻ ഇവിടേക്ക് വരണമെന്നും അവർ ഫോണിലൂടെ പറയുന്നുണ്ട്. പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ഡ്രൈവർ പറയുമ്പോള്‍, താൻ പരാതി നല്‍കിയാല്‍ താൻ തന്നെ ജയിലില്‍ പോകേണ്ടി വരുമെന്ന് യുവതി തിരിച്ച് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
‘ഹേറ്റ് ഡിറ്റക്ടർ’ എന്ന എക്സ് ഹാൻഡിലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാവുകയും വലിയ ചർച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. നിരവധി പേരാണ് സംഭവത്തില്‍ റാപ്പിഡോ ഡ്രൈവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലെ അപകടമാണ് പലരും കമൻ്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങള്‍ കാരണം പുരുഷന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചർച്ചകള്‍ സജീവമാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപും സമാനമായ കേസുകളുണ്ടായിട്ടുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഓണ്‍ലൈൻ സേവനങ്ങള്‍ നല്‍കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ ഇത്തരം ഭീഷണികള്‍ക്ക് ഇരയാകുന്നത് പതിവാണെന്ന വിമർശനവും ഇതോടെ വീണ്ടും ഉയര്‍ന്നു.

















