തമിഴ്നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിലെ (ടിവികെ) മുതിർന്ന പ്രാദേശിക ഭാരവാഹിയെ കൈക്കൂലി ആരോപണത്തെ തുടർന്ന് പുറത്താക്കി.മാമ്പക്കം പഞ്ചായത്ത് പ്രസിഡന്റും ചെങ്കല്‍പേട്ട് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എൻ. വീര എന്ന വീരസാമിയെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഒരു കരാറുകാരനില്‍ നിന്ന് ഇയാള്‍ 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചെങ്കല്‍പ്പേട്ട് ജില്ലാ സെക്രട്ടറി നടപടിയെടുത്തത്.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ് എന്ന സന്ദേശമടങ്ങിയ ബോർഡുകളും വിജിലൻസിന്റെ വാട്ട്‌സ്‌ആപ്പ് ഹെല്‍പ്പ്‌ലൈൻ നമ്പറും (94981 80936) എല്ലാ സർക്കാർ ഓഫീസുകളിലും നിർബന്ധപൂർവ്വം പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച അതേ ദിവസം തന്നെയാണ് ഈ സംഭവവും പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ചെങ്കല്‍പ്പേട്ട് ജില്ലയിലെ തിരുപ്പോരൂർ മണ്ഡലത്തില്‍പ്പെട്ട മാമ്പക്കം പഞ്ചായത്തില്‍ 9.80 ലക്ഷം രൂപ ചെലവില്‍ സിമന്റ് റോഡ് നിർമ്മിച്ച നവീൻ (24) എന്ന കരാറുകാരന്റെ ബില്‍ തുക മാറിക്കൊടുക്കാൻ വീരസാമി കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി. ബില്‍ പാസാക്കാൻ ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ചർച്ചകളില്‍ ഇത് 75,000 രൂപയായി കുറച്ചു. തുടർന്ന് നവീൻ ഗൂഗിള്‍ പേ വഴി 50,000 രൂപ കൈമാറി.
എന്നാല്‍ ബാക്കി തുകയുമായി സമീപിച്ചപ്പോള്‍ വീരസാമി നിലപാട് മാറ്റി ആവശ്യം രണ്ട് ലക്ഷമായി ഉയർത്തുകയും ഒടുവില്‍ 1.30 ലക്ഷത്തില്‍ ഉറപ്പിക്കുകയും ചെയ്തു. തുക നല്‍കാമെന്ന് സമ്മതിച്ചതോടെ വീരസാമി പഞ്ചായത്ത് ക്ലർക്കിനെ വിളിച്ച് ബില്‍ പാസാക്കാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെ നവീൻ 50,000 രൂപ ഗൂഗിള്‍ പേ വഴിയും ബാക്കി 30,000 രൂപ ഓഫീസിലെത്തി പണമായും നല്‍കി. ഈ പണം കൈമാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വീരസാമിക്കെതിരെ മുൻപും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് നടപടിയുണ്ടായിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ വാർഡ് അംഗങ്ങളുടെ പരാതിയെ തുടർന്ന് ചെങ്കല്‍പ്പേട്ട് ജില്ലാ കളക്ടർ ഇയാളുടെ ചെക്കില്‍ ഒപ്പിടാനുള്ള അധികാരം റദ്ദാക്കിയിരുന്നു. തുടർന്ന് 2025 മെയ് മാസത്തില്‍ ആറ് വാർഡ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം പാസാക്കിയതിനെ തുടർന്ന് ഇയാളെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച വീരസാമി, അനുകൂല ഉത്തരവ് വാങ്ങി ഏകദേശം 20 ദിവസം മുൻപാണ് വീണ്ടും ചുമതലയേറ്റത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വീരസാമി പൂർണ്ണമായും നിഷേധിച്ചു. തനിക്ക് ബില്ലുകള്‍ പാസാക്കാൻ നിലവില്‍ യാതൊരു അധികാരവുമില്ലെന്നും തുക കൈമാറിയ കരാറുകാരൻ ഡിഎംകെ പ്രവർത്തകനാണെന്നുമാണ് വീരസാമിയുടെ വാദം.
താൻ മുൻപ് നല്‍കിയ കടം തിരികെ വാങ്ങിയതിനെയാണ് കൈക്കൂലി എന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും ജെസിബി വാടകയായും ഒരു മരണാനന്തര ചടങ്ങിന്റെ ആവശ്യത്തിനുമായാണ് നവീൻ പണം നല്‍കിയതെന്നും ഇയാള്‍ പറയുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയെയും തന്റെ പേരിനെയും അപകീർത്തിപ്പെടുത്താൻ ഡിഎംകെ ബോധപൂർവ്വം ചെയ്തതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വീരസാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

















