നഗരസഭയിലെ എല്‍.ഡി.എഫ്,ബി.ജെ.പി കൗണ്‍സിലർമാർ പരസ്‌പരം അഴിമതി ആരോപണങ്ങളുടെ പേരില്‍ തമ്മിലടിച്ചപ്പോള്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മുദ്രാവാക്യം വിളികളും ഉപരോധവും,കൈയാങ്കളിക്കും പോർവിളിക്കും വഴിമാറിയതോടെ പൊലീസ് മേയറുടെ ഡയസില്‍ കയറി കൗണ്‍സിലർമാരെ ബലംപ്രയോഗിച്ച് നീക്കി.
ഒരു മണിക്കൂറോളം കൗണ്‍സില്‍ ഹാളില്‍ ഇരുക്കൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.ഇതിനിടെ എട്ട് മിനിട്ടിനുള്ളില്‍ കൗണ്‍സില്‍ ചേർന്ന് അജൻഡകള്‍ പാസാക്കി പിരിഞ്ഞു. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കേണ്ട കൗണ്‍സില്‍ 3.11നാണ് ആരംഭിച്ചത്.3.19ന് പരിഞ്ഞു.കോർപറേഷനിലെ സാനിട്ടേഷൻ ജീവനക്കാരുടെ ഒഴിവിന്റെ പട്ടികയില്‍, കഴക്കൂട്ടം വാർഡ് കൗണ്‍സിലർ കവിതയെ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ ബി.ജെ.പി കൗണ്‍സിലർമാരായ ആശാനാഥ്,മഞ്ജു എന്നിവർക്കെതിരെ നേരത്തെയുള്ള ആരോപണങ്ങളുയർത്തി എല്‍.ഡി.എഫ് പ്രതിരോധിച്ചു. ഇന്നലെ കൗണ്‍സില്‍ ആരംഭിക്കാനുള്ള ബെല്ല് മുഴങ്ങിയതോടെ ബി.ജെ.പി വനിതാ കൗണ്‍സിലർമാർ മേയറുടെ ഡയസില്‍ കയറി.ഇതോടെ മേയർ അവിടേക്ക് എത്തിയില്ല.
മേയർ ഗോ ബാക്ക് എന്ന പ്ളക്കാർഡും ബാനറുമുയർത്തിയ ബി.ജെ.പി കൗണ്‍സിലർമാർ മേയറുടെ കസേര കൈയടക്കി. പിടിവലിയില്‍ കസേര തകർന്നു.മൈക്ക് സ്റ്റാൻഡും സൗണ്ട് ബോക്‌സും രണ്ട് ഫാനുകളും നശിപ്പിച്ചു.രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കോർപറേഷനുണ്ടായതായി അധികൃതർ പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ ചേമ്ബറില്‍ എത്തിയതോടെ ഇവർ തടഞ്ഞുവച്ചു.മേയറെ തടയാൻ ശ്രമിച്ച ബി.ജെ.പി വനിത കൗണ്‍സിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് കൗണ്‍സില്‍ ഹാളില്‍ നിന്ന് നീക്കം ചെയ്തു.
പുറത്തിറക്കിയവർ വീണ്ടും കൗണ്‍സില്‍ ഹാളിലെത്തിയെങ്കിലും പൊലീസ് വീണ്ടും ഇവരെ പുറത്താക്കി. കൗണ്‍സില്‍ ആരംഭിച്ചതോടെ മേയറെ മറച്ചുകൊണ്ട് അഴിമതിയാരോപണം ഉന്നയിച്ച ബാനറുയർത്തി ബി.ജെ.പി അംഗങ്ങള്‍ ഡയസില്‍ കയറിയത് വീണ്ടും വാക്കേറ്റത്തിന് ഇടയാക്കി. എല്‍.ഡി.എഫ് അംഗങ്ങള്‍ ബാനർ വലിച്ചുകീറി. ഇതിനിടെ അജൻഡകള്‍ പാസാക്കി കൗണ്‍സില്‍ പിരിഞ്ഞു. പിന്നാലെ ബി.ജെ.പി കൗണ്‍സിലർമാർ റോഡിലേക്കിറങ്ങി മുദ്രാവാക്യം വിളികളുമായി നീങ്ങി. തിരികെ കോർപറേഷന് മുന്നിലെത്തി അവിടെനിന്ന് മുദ്രാവാക്യം വിളികള്‍ തുടർന്നു.

















