കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി വെച്ചിരിക്കുന്നതാണ് പാലാ നഗരസഭ. അതിനാൽ തന്നെ ഏതൊരു അധികാര കുത്തകളുടെ കാര്യത്തിലും സംഭവിക്കുന്ന ജീർണ്ണതകളും അഴിമതികളും കെടുകാര്യസ്ഥതകളും ഇവിടെയും സജീവമാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലെങ്കിലും ഇഷ്ടക്കാർക്ക് വേണ്ടി എന്ത് ക്രമവിരുദ്ധ നീക്കങ്ങൾ നടത്തുവാനും ഇവർ തയ്യാറാവുന്നതാണ് യാഥാർത്ഥ്യം.
കേരള കോൺഗ്രസ് ഭരണസമിതിയുടെ ജീർണ്ണതയുടെയും, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും പുതിയ ഉദാഹരണം പാലാ റിവർ വ്യൂ റോഡിൽ ആണ് കാണാനാകുന്നത്. ആർ വി പാർക്കിന് സമീപത്തായി ഇവിടെ 100 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണ്ണം ഇണ്ടായിരുന്ന ബംങ്കർ മുറിയാണ് നിയമങ്ങൾ കാറ്റിൽ പറത്തി പൊതു സ്ഥലം കയ്യേറി 500 ഓളം സ്ക്വയർ ഫീറ്റായി വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുതായി പ്രവർത്തനം ആരംഭിക്കുവാൻ പോകുന്ന എയർകണ്ടീഷൻഡ് മൊബൈൽ ഷോപ്പിന്റെ ബോർഡുകളും ഇവിടെ ഉയർത്തിയിട്ടുണ്ട്.
മുനിസിപ്പൽ സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളപ്പോൾ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ബങ്കറുകൾ നമ്പറിട്ട് ചെറുകിട വ്യാപാരങ്ങൾക്ക് നൽകുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ജീവനക്കാരന് ലഭിച്ച ബംങ്കർ മുറിയാണ് പൊതു സ്ഥലം വൻതോതിൽ കയ്യേറി ആധുനിക ഷോറൂം ആയി പരിവർത്തനപ്പെടുത്തിയിരിക്കുന്നത്. പട്ടാപ്പകൽ നഗര ഹൃദയത്തിൽ തിരക്കേറിയ റോഡിന് സമീപം ഇത്തരം ഒരു അനധികൃത നിർമ്മാണം നടന്നിട്ടും അതിനു നേരെ മുൻസിപ്പൽ അധികൃതർ കണ്ണടയ്ക്കുന്നത് ഈ വിഷയത്തിലുള്ള അഴിമതിയുടെയും, രാഷ്ട്രീയ സംശക്ഷണത്തിന്റെയും തെളിവാണ്.
ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റലിൽ കെട്ടിടങ്ങളുടെ നമ്പർ ഇടുകയോ ഒക്കിപ്പൻസി സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ല. അഗ്നി രക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ ഈ കെട്ടിടത്തിന് ഫയർ എൻ ഒ സിയും ലഭിച്ചിട്ടില്ല. കോവിഡ്കാലം പൂർത്തിയായതിനുശേഷം മൂന്നുവർഷം കഴിയുമ്പോഴും ഇതിനു വേണ്ടിയുള്ള ഒരു നടപടിക്രമങ്ങളും നടത്താത്ത നഗരസഭാ ഭരണകൂടം ഒരു വശത്ത് ജനങ്ങളുടെ ജീവൻ വച്ച് പന്താടുമ്പോഴാണ് ഇഷ്ടക്കാർക്ക് വേണ്ടി മറുവശത്ത് ഇത്തരം അനധികൃത നിർമ്മാണങ്ങൾക്ക് കുട പിടിച്ചു കൊടുക്കുന്നത്.

















