മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരേ വാർഡിലെ നടക്കാത്ത മൂന്ന് വർക്കുകളുടെ പേരിൽ 72 ലക്ഷത്തോളം രൂപയാണ് വെട്ടിച്ചെടുത്തിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരേ വാർഡിലെ നടക്കാത്ത മൂന്ന് വർക്കുകളുടെ പേരിൽ 72 ലക്ഷത്തോളം രൂപയാണ് വെട്ടിച്ചെടുത്തിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ വി ആർ ജോഷി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച ആക്ഷേപത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ തട്ടിപ്പുകൾ സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
തട്ടിപ്പുകൾ മറക്കാനായി പഞ്ചായത്ത് ഭരണസമിതി ആസ്തി രജിസ്റ്ററിൽ നടത്തിയ തിരിമറികളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ലക്ഷങ്ങളുടെ തട്ടിപ്പിൽ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഭരണസമിതിയുടെ ഈ ഇടപെടൽ. പതിനാലാം വാർഡിന്റെ ഇപ്പോഴത്തെ (2020-25) മെമ്പർ സാബു തെങ്ങുംപള്ളി തന്നെയായിരുന്നു തട്ടിപ്പുകൾ നടന്ന 2010 -15 കാലഘട്ടത്തിലെയും മെമ്പർ. 2015 കാലഘട്ടത്തിൽ ഇദ്ദേഹത്തിൻറെ ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ആൻസമ്മ സാബുവായിരുന്നു മെമ്പർ.
നിലവിൽ പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്കാണ്. ഇപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേലിന്‍റെ പങ്കാളിത്തത്തോടെയാണ് തട്ടിപ്പുകൾ നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഭരണസമിതിയുടെ ഈ വിഷയത്തിലെ അനധികൃത ഇടപെടലുകളും അഴിമതി മറയ്ക്കാനുള്ള നീക്കവും. ഈ തട്ടിപ്പുകൾക്ക് സിപിഎം ലോക്കൽ സെക്രട്ടറിയായ തുളസീദാസും കൂട്ടുനിന്നു എന്നാണ് ആരോപണം ഉയരുന്നത്. ആദ്യ രജിസ്റ്ററിൽ തിരുത്തൽ വരുത്തുവാൻ ഉള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് കോൺഗ്രസ് ബിജെപിയോ എതിർ ശബ്ദം ഉയർത്താത്തത് മറ്റു വാർഡുകളിലും ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് സംശയങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്.
കണ്ടെത്തിയ തട്ടിപ്പുകൾ ഇങ്ങനെ
- “കുര്യനാട്- കുരിശുംതാഴത്ത്” എന്ന പേരിലുള്ള ഒന്നര കിലോമീറ്റർ നീളവും ഏഴു മീറ്റർ വീതിയും ഉള്ള ഒരു ടാർ റോഡ് നിർമ്മിച്ചതിന് 24 ലക്ഷം രൂപയും അവിടെ കലുങ്ക് നിർമ്മാണത്തിന് 30,000 രൂപയും ചെലവഴിച്ചതായി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു വഴിയേ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. പകരം 400 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും ഉള്ള ഒരു പുതിയ മണ്ണ് റോഡ് വിജിലൻസ് അന്വേഷണം വന്നപ്പോൾ നിർമ്മിച്ച് ആസ്തി രജിസ്റ്ററിൽ ഇപ്പോൾ ചേർത്തിട്ടുണ്ട്.വ്യാജമായ രേഖപ്പെടുത്തലുകൾ സംബന്ധിച്ചും പണം ചെലവഴിച്ചത് സംബന്ധിച്ചും പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തേടിയിട്ടുണ്ട്.ആസ്തി രജിസ്റ്ററുകളിലെ ക്രമക്കേടുകൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും ചർച്ച ചെയ്തും ചട്ടപ്രകാരം പരിഹരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
- സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം സി റോഡിന്റെ ഭാഗമായ പുല്ലുവട്ടം ജംഗ്ഷൻ മുതൽ ചീങ്കല്ലേൽ വരെ 1.4 കിലോമീറ്റർ ദൂരം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി 2450000/- രൂപ ചെലവഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
- ഒന്നാം വാർഡിൽ എംസി റോഡിൻറെ അരികിൽ പണികഴിപ്പിച്ച ‘വഴിയിടം’ (ടേക്ക് എ ബ്രേക്ക്- കുട്ടികളുടെ പാർക്കും പബ്ലിക് ടോയ്‌ലറ്റും) പദ്ധതിക്ക് 23 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിൽ അഴിമതി ഉണ്ടെന്നും പരാതി ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പാർക്ക് നിർമ്മിച്ചിട്ടില്ല. ടോയ്ലറ്റ് ബ്ലോക്കിന് പരമാവധി 5 ലക്ഷത്തിൽ കൂടുതൽ ആവശ്യമില്ല.
ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത് വി ആർ ജോഷിയുടെ ഒറ്റയാൾ പോരാട്ടം
വി ആർ ജോഷി എന്ന മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത ഒറ്റയാൾ പോരാട്ടമാണ് ഈ ക്രമക്കേടുകൾ പുറത്തുവരുവാൻ ഇടയാക്കിയത്. വളരെ യാദൃശ്ചികം ആയിട്ടാണ് ബി ആർ ജോഷി ഇത്തരം ഒരു പോരാട്ടത്തിലേക്ക് കടക്കുവാനുള്ള സാഹചര്യം ഉണ്ടായത്. ജോഷിയുടെ ഉടമസ്ഥതയിലുള്ള ആറര സെൻറ് ഭൂമിയിലൂടെ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉള്ള കോലത്താംകുന്ന് കോളനി റോഡ് ഉണ്ടെന്ന് സ്ഥാപിച്ച് കയ്യാറാൻ ശ്രമിച്ചതിലൂടെയാണ് പരാതിയുടെ ഉൽഭവം.പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ജോഷി മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി. അതിന്മേൽ പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറും വിജിലൻസ് ഓഫീസറും നടത്തിയ അന്വേഷണത്തിൽ ആണ് ക്രമക്കേടുകൾ പുറത്തുവന്നത്.

















