പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. എന്നാൽ ഇതിനേക്കാൾ എല്ലാം ഗൗരവകരമായ ഒരു കുറ്റകൃത്യത്തിലാണ് ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ അധികൃതർ കുടപിടിക്കുന്നത്.
കേരളത്തിലെ നിയമമനുസരിച്ച് രാവിലെ എട്ടു മുതൽ 10 വരെയും വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെയും ടിപ്പർ ലോറികളുടെ ഓട്ടത്തിന് നിയന്ത്രണമുണ്ട്. വാഹനാപകടങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ ജീവൻ നഷ്ടപ്പെട്ട സംഭവത്തോടെയാണ് ഇത്തരമൊരു നിയമം ഏർപ്പെടുത്തിയത്. സ്കൂൾ ടൈമിങ്ങും ആയി ബന്ധപ്പെട്ട് അപകടം ഒഴിവാക്കാനാണ് ഈ നടപടി സർക്കാർ കൈക്കൊണ്ടത്.
എന്നാൽ ഈ നിയമങ്ങളെ കാറ്റിൽ പറത്തി ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്ക് മുന്നിലൂടെ എട്ടു മുതൽ 10 വരെയുള്ള സമയത്തിനിടയിൽ ഫുൾ ലോഡ് മണ്ണുമായി ടിപ്പർ ലോറികൾ ചീറിപ്പായുകയാണ്. ചിങ്ങവനം എംസി റോഡ് സെമിനാരിപടിയിൽ നിന്ന് ക്ലിമീസ് എൻഎസ്എസ് സ്കൂളുകളിലേക്കുള്ള വഴിയിലൂടെയാണ് ടിപ്പർ ലോറികളുടെ മത്സരയോട്ടം. ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്യുവാൻ സ്റ്റേഷനിൽ എത്തിയ വ്യക്തിയോട് അടുത്ത തവണ ഫോട്ടോ എടുത്തിട്ട് വരുവാനോ അല്ലെങ്കിൽ ആ സമയത്ത് സ്റ്റേഷനിലേക്ക് വിളിച്ചു പറയുവാനോ ആണ് അധികൃതർ ആവശ്യപ്പെട്ടത്. ചിങ്ങവനത്ത് സ്കൂൾ ടൈമിംഗ് നിരോധനം ഒമ്പതര മണിവരെ ഉള്ളൂ എന്ന് ന്യായീകരണവും എസ് എച്ച് ഒ നടത്തുകയുണ്ടായി.
കാക്കിയിട്ടവരുടെ കീശ നറയുമ്പോൾ ആപത്തിൽ ആകുന്നത് വിദ്യാർഥികളുടെ ജീവൻ
മണ്ണ് മാഫിയ സ്ഥിരമായി കാക്കിയിട്ട അധികൃതരുടെ കീശകൾ നിറയ്ക്കുന്നവരാണ്. ഇതിന് പ്രത്യുപകാരമായി പല നിയമലംഘനങ്ങൾക്കും പോലീസും മോട്ടോർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു. എന്നാൽ ഇവിടെ ആപത്തിൽ ആകുന്നത് നൂറുകണക്കിന് വിദ്യാർഥികളുടെ ജീവനാണ്. മേൽപ്പറഞ്ഞ ചിങ്ങവനം സെമിനാരി പടിക്ക് സമീപമുള്ള വഴിയിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് നടന്നും ഇരുചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പവും ഓരോ ദിവസവും സ്കൂളിലേക്ക് എത്തുന്നത്. ഇതുകൂടാതെ അംഗൻവാടിയും പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നവരോട് പോലും നിഷേധാത്മകമായ സമീപനം സ്വീകരിച്ചുകൊണ്ട് ക്രമസമാധാന പാലനവും നിയമപാലനവും ഉറപ്പുവരുത്തേണ്ട അധികൃതർ കണ്ണടയ്ക്കുമ്പോൾ നിരത്തിൽ നിരപരാധികളുടെ ചോര പൊടിയുമ്പോൾ ഉത്തരവാദിത്വം ആർക്ക് എന്ന് ചോദ്യമാണ് ഉയരുന്നത്.

















