പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത് എന്നാണ് ആക്ഷേപം. നഗരസഭയിലെ തന്നെ ഭരണകക്ഷിയിലെ പ്രധാന ബിന്ദുവായ വനിതാ കൗൺസിലർ ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറി ജൂഹി മരിയ ടോമിനെയും രജിസ്ട്രാറെയും കണ്ടിരുന്നെങ്കിലും അവർ ആദ്യം വഴങ്ങിയിരുന്നില്ല. പിന്നീടവർ സമീപ പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് ഉദ്യോഗതലത്തിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും കാര്യം നടക്കാതെ വരികയും ആവശ്യക്കാർ മറ്റേതോ വളഞ്ഞ വഴിക്ക് മുനിസിപ്പൽ ചെയർമാൻ വഴി വഴിവിട്ട കാര്യം സാധിച്ചെടുക്കുകയും ആയിരുന്നു.
എന്നാൽ താൻ പറഞ്ഞിട്ട് നടക്കാത്ത കാര്യം ചെയർമാൻ പറഞ്ഞിട്ട് നടന്നപ്പോൾ വനിതാ കൗൺസിലർ പ്രകോപിതയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ ആവശ്യം ഉന്നയിച്ച് കൗൺസിലർ ചെയർമാനെ സമീപിച്ചിരുന്നെങ്കിലും ചെയർമാൻ കൗൺസിലർക്ക് പ്രയോജനം കിട്ടുന്ന നിലപാട് എടുത്തിരുന്നില്ല. പിന്നീട് ചെയർമാൻ വളഞ്ഞവഴിയിൽ കാര്യം നടത്തിയപ്പോൾ കൗൺസിലർ വിവരം അറിഞ്ഞുമില്ല. ഇതാണ് കൗൺസിലറെ കൂടുതൽ പ്രകോപിതയാക്കിയത്.
ജനന സർട്ടിഫിക്കറ്റ് പോലെ വിദേശ എംബസികളിൽ പോലും ആവശ്യമായി വരുന്ന പ്രധാനപ്പെട്ട ഒരു സർക്കാർ രേഖ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് നിയമവിരുദ്ധമായി തിരുത്തൽ വരുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സംഗതി വിവാദമായതോടെ ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്നാണ് അറിയുന്നത്. കാര്യകാരണസഹിതം വിജിലൻസിലേക്ക് പരാതി എത്തിച്ചതിന് പിന്നിലും ഭരണകക്ഷിയിലെ കേന്ദ്ര ബിന്ദുവായ ഈ വനിതാ കൗൺസിലർ തന്നെയാണ് എന്നാണ് സംശയം.
പാലാ നഗരസഭക്കെതിരെ നിരവധി വിജിലൻസ് അന്വേഷണങ്ങൾ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ സംരക്ഷണത്തിന്റെ ആനുകൂല്യത്തിൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതൊന്നും കാര്യമാക്കാതെ ഗുരുതര ക്രമക്കേടുകൾ ആവർത്തിക്കുകയാണ്. അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥർ പക്ഷേ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നതാണ് യാഥാർത്ഥ്യം. ഉദ്യോഗസ്ഥ പ്രമാണിമാരുടെ കീശ നിറഞ്ഞാൽ എന്തും നടക്കും, ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്നതാണ് നഗരസഭയിലെ ഇപ്പോഴത്തെ സ്ഥിതി എന്നും നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
അതീവ ഗൗരവ വിഷയമായതിനാൽ ആഭ്യന്തര മന്ത്രാലയവും ദേശിയ അന്വേഷണ ഏജൻസികളും ഈ ക്രമക്കേടും അത് നടക്കുവാൻ ഉണ്ടായ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. സാധാരണക്കാരെ ഉപദ്രവിച്ച് എല്ലാ ക്രമക്കേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന പാലാ നഗരസഭ സെക്രട്ടറി ഈ ക്രമക്കേടിൽ കുടുങ്ങുമെന്ന പ്രതീക്ഷിക്കുന്ന പാലാക്കാരും ഏറെയുണ്ട്.

















