കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോർട്ട്. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍.
പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്ബനിയെ തഴഞ്ഞു. സാന്‍ഫാര്‍മ എന്ന കമ്ബനിക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കിയെന്നും സി എ ജി ചൂണ്ടികാണിക്കുന്നുണ്ട്.
2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് പി പി ഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്ബനിയില്‍ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ പി പി ഇ കിറ്റിനായി 1000 രൂപയാണ് കൂടുതലായി നല്‍കിയതെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സർക്കാരും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയും കെട്ടിപ്പൊക്കിയ പി.ആര്‍ ഇമേജാണ് തകര്‍ന്നു വീണത്. മുഖ്യമന്ത്രിയുടെയും കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുജനാരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ചികിത്സ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ അവശ്യ സേവനങ്ങള്‍ പോലും പല ആശുപത്രികളിലും ലഭിക്കുന്നില്ല. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാനും നടപടി ഉണ്ടായില്ല. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കുന്നതില്‍ കെഎംഎസ് സിഎല്ലിന് വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

















