കലൂർ കത്രിക്കടവിലെ അല്‍ റീം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായ മൂന്നുപേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.15 പേരാണ് ചികിത്സയിലുള്ളത്. കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ കത്രിക്കടവിലെ അല്‍ റീം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടത്. തുടർന്ന് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലടക്കം ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേരുടെ സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല പോസിറ്റീവായത്. വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്തതില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഷിഗെല്ല രോഗത്തിന് കാരണം മയോണൈസ് അല്ലെന്നും കുടിവെള്ളമാണെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ ഭാഗത്തെ ഹോട്ടലുകളില്‍ വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. മഴക്കാലത്ത് വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഈ സമയം ഈ വെള്ളം ഉപയോഗിക്കാതെ ടാങ്കറില്‍ എത്തിക്കുന്ന വെള്ളമാണ് കുടിവെള്ളത്തിനായി എടുക്കുന്നത്. സംഭവം നടന്ന ദിവസം ടാങ്കർ വെള്ളമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ കുഴിമന്തിക്ക് പേരുകേട്ട ഹോട്ടല്‍ ശൃംഖലയാണ് അല്‍ റീം. നഗരത്തില്‍തന്നെ ഒന്നിലധികം സ്ഥലങ്ങളില്‍ അല്‍ റീം ഹോട്ടലുകള്‍ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക