‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലാ പ്രതി ജിനേഷ് സൈനികൻ.ഇയാള്‍ റാഞ്ചിയില്‍ നിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജിനേഷിനെ കൂടാതെ സുഹൃത്തുക്കളായ തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീണ്‍ (39) എന്നിവരും പോലീസ് പിടിയിലായി.
പ്രതികളെ കീഴടക്കുന്നതിനിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പല്‍ എസ്‌ഐ എസ്. സുദർശന, എസ്‌ഐ ജോണ്‍ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ലഹരികടത്തു തടയുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ മലമ്പുഴ ഭാഗത്തു നിന്നു കാറിലെത്തിയ പ്രതികള്‍ പരിശോധന ചോദ്യം ചെയ്ത് പോലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ചു പരിശോധന നടത്തിയ ജോണ്‍ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റില്‍ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിച്ചു. കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണു വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ളവർക്കു നേരെ ആക്രമണമുണ്ടായത്.
ഇതിനിടെ മറ്റൊരു പ്രതി സേവ്യറിന്റെ കഴുത്തില്‍ ചവിട്ടി ഞെരിച്ചതായും പോലീസ് പറഞ്ഞു. സംഗതി വഷളാകുന്നുവെന്നു കണ്ട് പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം നല്‍കിയതോടെ സ്റ്റേഷനില്‍ നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ജോലി തടസപ്പെടുത്തിയതിനും വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു പരുക്കേല്‍പിച്ചതിനും അസഭ്യം പറഞ്ഞതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.

















