ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാന് അഭിനന്ദനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഏതാനും ദിവസം മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത്. പെരുമ്പാവൂര്‍ സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു.
വീഡിയോയില്‍ ലഹരി ഉപയോഗിച്ചവര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായിരുന്നു. ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി കാര്യക്ഷമമായി നടപടി എടുക്കുന്ന കേരള പൊലീസിനെയും സര്‍ക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പോസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകള്‍ എടുത്ത് പറയുന്നുണ്ട്.
ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്
ലഹരിവസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികള്‍ക്ക് കേരള സർക്കാരിനോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരില്‍ കേരള പൊലീസ് നടത്തിവരുന്ന നടപടികള്‍ നിർണായകമായ അറസ്റ്റുകളിലേക്ക് നയിക്കുകയും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലുപരിയായി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനും ഭരണകൂടത്തിനും നിയമപാലകർക്കുമുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.
ഇവിടുത്തെ യഥാർത്ഥ സാഹചര്യം ദൃശ്യങ്ങളിലാക്കി പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന ധീരരായ ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു. ഓണ്‍ലൈനില്‍ പങ്കുവെച്ച ആ വീഡിയോയിലൂടെയാണ് ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഞാനത് കേരള പോലീസിന് കൈമാറുകയായിരുന്നു. പോലീസ് വകുപ്പിന്റെയും അതിന്റെ ഐടി സെല്ലിന്റെയും വളരെ വേഗത്തിലുള്ള പ്രതികരണത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നെ ഏറ്റവും കൂടുതല്‍ ആകർഷിച്ചത് തുടക്കത്തിലുണ്ടായ വേഗത മാത്രമല്ല, മറിച്ച് ആദ്യ അറസ്റ്റുകള്‍ക്ക് ശേഷവും ആ വേഗത നിലനിർത്താനും മയക്കുമരുന്നിനെതിരെയുള്ള വേട്ട തുടരാനുമുള്ള അവരുടെ നിശ്ചയദാർഢ്യമാണ്. ഇങ്ങനെയുള്ള നടപടികള്‍ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാന ഭരണത്തിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു. ഒരു പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ നമ്മുടെ സർക്കാർ ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയും ഉടനടി പ്രതികരിക്കുകയും ചെയ്യുന്നത് കാണുന്നത് പൗരന്മാർ എന്ന നിലയില്‍ നമുക്ക് വലിയൊരു ആശ്വാസമാണ്. നമ്മുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ടെന്നും അതിന്മേല്‍ ഉത്തരവാദിത്തമുള്ള നടപടികള്‍ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വർദ്ധിപ്പിക്കുന്നു.
സമൂഹത്തില്‍ മാറ്റം കൊണ്ടുവരാൻ ഒരു വ്യക്തിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നമ്മള്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. എന്റെ ഉത്തരം ലളിതമാണ് : ആ ഒരു വ്യക്തി നിങ്ങളാവുക. നടപടിയെടുക്കുക. നിങ്ങളുടെ ശബ്ദം ഉയർത്തുക. മറ്റാരെങ്കിലും അത് ചെയ്യുമെന്ന് കരുതരുത്. സാധാരണ പൗരന്മാർ ഉത്തരവാദിത്തത്തോടും ദൃഢവിശ്വാസത്തോടും കൂടി പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴാണ് നല്ലൊരു മാറ്റം ആരംഭിക്കുന്നത്. ഈ പ്രക്രിയയില്‍ ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞതില്‍ ഞാൻ അഭിമാനിക്കുന്നു. അതിലുപരിയായി, സോഷ്യല്‍ മീഡിയയെ വെറും വിനോദത്തിനുള്ള ഒരു വേദിയായി മാത്രമല്ല, പൊതുനന്മയ്ക്കുള്ള ഒരു ആയുധമായി ഉപയോഗിക്കാൻ തീരുമാനിച്ച ആ ചെറുപ്പക്കാരെയോർത്ത് ഞാൻ അഭിമാനിക്കുന്നു. നമ്മെയെല്ലാം ബാധിക്കുന്ന ഒരു പ്രശ്നം പുറത്തുകൊണ്ടുവരാൻ അവർ വ്യക്തിപരമായ റിസ്ക് എടുത്തു, അതിന് അവർ നമ്മുടെ ബഹുമാനവും അഭിനന്ദനവും അർഹിക്കുന്നു. നമ്മളില്‍ ബാക്കിയുള്ളവർ നിശബ്ദത പാലിക്കാൻ തീരുമാനിച്ചതുകൊണ്ട് മാത്രം നമ്മുടെ യുവ സഹോദരീസഹോദരന്മാർ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഇരകളാകരുത്. അടുത്ത തലമുറയുടെ ഭാവി സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഓരോ പൗരനും കടമയുണ്ട്.
അവസാനമായി കേരള പൊലീസ് വകുപ്പിന് മുഴുവനായും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഈ പ്രശ്നം പരിഹരിക്കുന്നതില്‍ നേതൃത്വപാടവവും പ്രതിബദ്ധതയും കാണിച്ച പോലീസ് ഉദ്യോഗസ്ഥൻ ശ്രീ ഹാർദിക് മീനയ്ക്ക് ഒരു പ്രത്യേക നന്ദിയും അറിയിക്കുന്നു. ഉത്തരവാദിത്തമുള്ള പൗരന്മാരും നിയമപാലകരും സർക്കാരും ഒരൊറ്റ ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമ്പോള്‍ അർത്ഥവത്തായ മാറ്റം സാധ്യമാണ് എന്ന് മാത്രമല്ല, അത് അനിവാര്യവുമാണ് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാകട്ടെ ഇത്. ജയ് ഹിന്ദ്. ഉണ്ണി മുകുന്ദൻ.














