കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയില്‍.ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളർത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.

രാസ വളങ്ങളൊന്നും നല്‍കാറില്ലെന്നും ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കുന്നതെന്നു വിശാല്‍ പൊലീസിനോട് വിശദമാക്കിയത്. ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ ഐടി കമ്പനി മാനേജരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തില്‍ മാനേജരായി ജോലി നോക്കുകയാണ് ഇയാള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പകല്‍ മുഴുവൻ പ്രൊഫഷണല്‍ രീതിയില്‍ ഐ.ടി മാനേജരായി ജോലി ചെയ്യുന്ന വിശാല്‍, രാത്രിയിലാണ് ഫ്ലാറ്റിലെത്തി കഞ്ചാവ് തോട്ടത്തിന്റെ പരിപാലനം നടത്തിയിരുന്നതെന്നാണ് വിവരം. വിപണിയില്‍ നിന്നും വാങ്ങിയ പ്രത്യേക ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാള്‍ ഫ്ലാറ്റിനുള്ളില്‍ കഞ്ചാവ് നട്ടുവളർത്തിയത്. ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി ലഭിച്ച വിവരത്തില്‍ ഫ്ലാറ്റില്‍ പരിശോധന നടത്തിയ പൊലീസ് യുവാവിൻ്റെ രീതികള്‍ കണ്ട് ഞെട്ടി.

കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പൂർണമായും സ്വന്തം ആവശ്യത്തിനാണ് ഇയാള്‍ ഫ്ലാറ്റില്‍ കഞ്ചാവ് തോട്ടമൊരുക്കിയത്. കഞ്ചാവ് ഇലകള്‍ അരച്ച്‌ പാലില്‍ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ കഞ്ചാവില ചേർത്ത് ചമ്മന്തി രൂപത്തില്‍ അരച്ചും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഉയർന്ന ശമ്പളമുള്ള ഒരു ഐ.ടി പ്രൊഫഷണല്‍ ഇത്തരത്തില്‍ വീട്ടിനുള്ളില്‍ വിപുലമായ രീതിയില്‍ കഞ്ചാവ് കൃഷി നടത്തിവന്നത് പൊലീസിനെയും സമീപവാസികളെയും ഒരുപോലെ ഞെട്ടിച്ചു. പ്രതിയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക