നഗരത്തില്‍ ലഹരിവേട്ട ശക്തമാക്കി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’. ഡാൻസാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ, ആഡംബര കാർ റോഡില്‍ ഉപേക്ഷിച്ച് യുവതിയും യുവാവും ഓടി രക്ഷപ്പെട്ടു.തുടർന്ന് കാറില്‍ നടത്തിയ തിരച്ചിലില്‍ 7 ഗ്രാം എം.ഡി.എം.എ. (MDMA) പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു (ടോബി), പുതിയാപ്പ സ്വദേശി കീർത്തന എന്നിവരാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.
കോഴിക്കോട് നഗരത്തില്‍ മുറികള്‍ വാടകയ്ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതാണ് കീർത്തയുടെ പ്രധാന ജോലി. പ്രതികള്‍ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ തുടർച്ചയായി പ്രതികള്‍ താമസിച്ച വാടക മുറികള്‍ പോലീസ് സംഘം പരിശോധിച്ചു. മൂന്ന് മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

















