ഇന്നലെ ഒന്നുമറിയാത്ത പോലെ ദൃക്സാക്ഷി വിവരണം. ഇന്ന് 22കാരന്റെ കൊലപാതകത്തിലെ പ്രധാന പ്രതി. മനുവിന്റെ കൊലപാതകത്തില്‍ അയല്‍വാസിയുടെ പങ്ക് എന്താണെന്ന് അറിഞ്ഞതോടെ അമ്പരന്ന് നെയ്യാറ്റിൻകര.സംഭവത്തേക്കുറിച്ച് ഇന്നലെയാണ് മിഥുൻ പ്രാദേശിക മാധ്യമങ്ങളോടായിരുന്നു വെള്ളം കൊടുത്തുവെന്നും താൻ വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും മിഥുൻ വിശദമാക്കിയത്.
കൊല്ലപ്പെട്ട മനുവിന്റെ സുഹൃത്തും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന രീതിയിലായിരുന്നു മിഥുൻ കൊലപാതകത്തേക്കുറിച്ച് വിശദമാക്കിയത്. മനു ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. വെള്ളം ചോദിച്ചുവെന്നും താനത് നല്‍കിയെന്നും മിഥുൻ ഇന്നലെ പറഞ്ഞിരുന്നു. കുറച്ച് പേർ ഉണ്ടായിരുന്നു. കണ്ടാലറിയാവുന്ന ചിലർ ആയിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നതെന്നുമാണ് കൂസലൊന്നുമില്ലാതെ മിഥുൻ മാധ്യമങ്ങളോട് വിശദമാക്കിയത്. അയല്‍വാസിയായ യുവാക്കളോട് ബൈക്കിന്റെ ശബ്ദത്തേക്കുറിച്ച് പരാതിപ്പെട്ട 22കാരൻ ഇന്നലെയാണ് കൊല്ലപ്പെട്ടത്. വാരിയെല്ലിന് സമീപത്തുണ്ടായ ആഴമേറിയ മുറിവായിരുന്നു മനുവിന്റെ മരണത്തിന് കാരണമായത്.
കേസില്‍ അച്‌ഛനും മക്കളും അടക്കം 4 പേരാണ് അറസ്‌റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല. കോട്ടുകാല്‍ കണ്ണറവിള സ്വദേശിയായ 22കാരൻ മനുവാണ് കൊല്ലപ്പെട്ടത്. കേസില്‍ മനുവിന്റെ അയല്‍വാസികളായ ബിജു, ബിജുവിൻ്റെ മക്കളായ അമ്പാടി, മിഥുൻ, 17 വയസുകാരനായ മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് കൊലപാതകം നടന്നത്. അമ്പാടിയും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് നടത്തിയ അനധികൃത ബൈക്ക് റേസിംഗിനിടെയാണ് വാക്കേറ്റമുണ്ടായത്. പെട്രോള്‍ തീർന്നതോടെ ബൈക്ക് മനുവിന്റെ വീടിന് സമീപത്തായാണ് നിർത്തിയത്.
പെട്രോള്‍ ഒഴിച്ച ബൈക്ക് സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീടിന് പുറത്ത് വന്ന മനു ബൈക്കിന്റെ ശബ്ദത്തേക്കുറിച്ച് പരാതിപ്പെട്ടത്. ഇത് വാക്കേറ്റത്തിലേക്ക് എത്തുകയായിരുന്നു. പിന്നാലെ അമ്പാടി കേസില്‍ അറസ്റ്റിലായവരുമായി മനുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ 22കാരന് കുത്തേല്‍ക്കുകയായിരുന്നു. യുവാവിനെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരമറ്റം പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

















