നെടുമ്പാശ്ശേരിയില്‍ സ്പാ നടത്തുന്ന വനിതാ ഉടമയെ ഭീഷണിപ്പെടുത്തി ദിവസേന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ മരട് അനീഷിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അനീഷിന്റെ പ്രധാന കൂട്ടാളികളായ അജിത്, സെബിന്‍, പ്രേം (പ്രേംജിത്ത്) എന്നിവരും പ്രതികളാണ്. കണ്ണൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അതിക്രമത്തിന് ശേഷം കേരള അതിര്‍ത്തി കടന്ന് കര്‍ണാടകയിലെ മൈസൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും യാത്രാ വഴികളും കേന്ദ്രീകരിച്ച്‌ നടത്തിയ അതീവ നാടകീയമായ നീക്കത്തിനൊടുവിലാണ് പോലീസ് സംഘം ഇവരെ വലയിലാക്കിയത്.

എം.ഡി.എം.എ വെച്ച്‌ കുടുക്കുമെന്ന ഭീഷണിനെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ദേവ് എം.വി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരി നെടുമ്പാശ്ശേരിയില്‍ നടത്തുന്ന സ്പാകള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ പ്രതികള്‍ക്ക് ദിവസേന 4000/ രൂപ വീതം ‘മാമൂല്‍’ കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തില്‍ രഹസ്യമായി എം.ഡി.എം.എ (MDMA) പോലുള്ള മാരക മയക്കുമരുന്നുകള്‍ കൊണ്ടുവെച്ച്‌, വര്‍ഷങ്ങളോളം ജയില്‍ശിക്ഷ ലഭിക്കാവുന്ന കള്ളക്കേസുകളില്‍ കുടുക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ (FIR) പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം പ്രതിയായ അജിത് ഫോണ്‍ മുഖേന പരാതിക്കാരിയെ നിരന്തരം ബന്ധപ്പെടുകയും നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 27-ന് വൈകുന്നേരം നെടുമ്പാശ്ശേരിയിലെ ‘ടീ വാഗണ്‍’ (Tea Wagon) എന്ന ചായക്കടയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ ആദ്യമായി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജൂലൈ 3-ന് രാത്രി വീണ്ടും ഇതേ ചായക്കടയിലേക്ക് ഇവരെ വിളിച്ചുവരുത്തി ഭീഷണി ആവര്‍ത്തിച്ചു. ഈ സമയത്ത് രണ്ടാം പ്രതിയായ സെബിന്‍, താന്‍ കൊച്ചിയിലെ ഒരു പബ്ബില്‍ വെടിവെപ്പ് നടത്തിയ കേസ് കണ്ടിരുന്നോ എന്ന് ചോദിക്കുകയും, പണം തന്നില്ലെങ്കില്‍ സമാനമായ രീതിയില്‍ വധിക്കുമെന്നും ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

ഫോട്ടോ കാണിച്ച്‌ ഭീഷണി; സ്ത്രീ ജീവനക്കാര്‍ക്ക് നേരെ അതിക്രമം:

മരട് അനീഷിന്റെ പേരും മൊബൈലിലെ ചിത്രവും കാണിച്ച്‌ ഭയപ്പെടുത്തി സ്പായില്‍ നിന്ന് വന്‍ തുക പിരിച്ചെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ഇതിനെതിരെ ജീവനക്കാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ പ്രകോപിതരായ ഗുണ്ടാസംഘം ജീവനക്കാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും സ്പായിലുണ്ടായിരുന്ന സ്ത്രീ ജീവനക്കാര്‍ക്ക് നേരെ കടുത്ത അതിക്രമത്തിന് മുതിരുകയുമായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ തങ്ങളെ അപായപ്പെടുത്തുമെന്ന ഭയത്താലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് സ്പാ ഉടമ പോലീസിനോട് പറഞ്ഞു.പുതിയ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (BNS) 309(5), 3(5) എന്നീ വകുപ്പുകള്‍ (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, പണം തട്ടിയെടുക്കാനുള്ള ശ്രമം, ഒത്തൊരുമിച്ചുള്ള കുറ്റകൃത്യം) പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

കൊച്ചി വിറപ്പിച്ച ക്രിമിനല്‍ വീണ്ടും അകത്തേക്ക്:

കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും വര്‍ഷങ്ങളായി ഗുണ്ടാ-ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ് മരട് അനീഷ്. നിരവധി കൊലപാതക ശ്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മാരകായുധങ്ങളുമായി ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വന്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ രീതിയില്‍ സ്പാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാപ്പിരിവും മയക്കുമരുന്ന് ഭീഷണിയും സ്ത്രീ പീഡനശ്രമവും നടത്തിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് പോകാനാണ് പോലീസിന്റെ നീക്കം.

കസ്റ്റഡിയിലെടുത്ത പ്രതികളെ നിലവില്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കൊച്ചി നഗരത്തിലും പരിസരങ്ങളിലും സമാനമായ രീതിയില്‍ ഇവര്‍ മറ്റ് സ്ഥാപനങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക