കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ റബ്ബർ ടാപ്പിംഗ് തൊഴിലിനെ കൂടി ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്. കൂലി വർദ്ധനവും, തൊഴിലാളികളുടെ ദൗർലഭ്യവും മൂലം ഇന്ന് ഭൂരിഭാഗം തോട്ടങ്ങളും ടാപ്പ് ചെയ്യാതെ കിടക്കുകയാണ്. പദ്ധതിയുടെ മൂന്നാം കാറ്റഗറിയിൽ ഗ്രാമീണ ജീവനോപാധി പ്രവൃത്തികളുടെ വിഭാഗത്തിൽ ടാപ്പിംഗ് കൂടി ഉൾപ്പെടുത്തിയാൽ അത് റബ്ബർ കർഷകർക്ക് വലിയ ആശ്വാസമാകും എന്നതും ജില്ലാ പഞ്ചായത്ത് ചൂണ്ടിക്കാട്ടി.
സ്വയം ടാപ്പ് ചെയ്യുന്ന കർഷകർക്കും , ടാപ്പിംഗ് തൊഴിലാളികൾക്കും ഈ പദ്ധതിയിൽപ്പെടുത്തി തൊഴിൽ കാർഡ് ലഭ്യമാക്കിയാൽ പ്രതിവർഷം 125 ദിവസം 401 രൂപ വീതം വേതനം ഉറപ്പാക്കാൻ കഴിയും. ഇത്തരം ഒരു നടപടി റബ്ബർ കാർഷിക മേഖലയ്ക്ക് വലിയ ഉണർവ് സമ്മാനിക്കുകയും ടാപ്പിംഗ് പുനരാരംഭിക്കുവാൻ ഉത്തേജനം നൽകുകയും ചെയ്യും. ഇതിനാൽ വി.ബി. ഗ്രാംജി പദ്ധതിയിൽ ടാപ്പിങ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാപ്പഞ്ചായത്ത് കേന്ദ്ര -കേരള സർക്കാരുകൾക്ക് നിവേദനം നൽകി.
എം.പി.മാർ മുഖേന കേന്ദ്ര സർക്കാരിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തും. റബ്ബർ ബോർഡും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന ആവശ്യവും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. വിബി ഗ്രാംജിയിൽ ടാപ്പിങ് തൊഴിലിന് അംഗീകാരം നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ തൊഴിലാളികളുടെ പരിശീലനവും, ഉപകരണങ്ങൾ ലഭ്യമാക്കലുമടക്കം അനുബന്ധ പ്രവർത്തനങ്ങളുടെ സാമ്പത്തിക ചെലവ് അടക്കം ഏറ്റെടുക്കുവാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി.
ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന തോട്ടങ്ങൾ പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും വെല്ലുവിളി
തോട്ടങ്ങൾ ടാപ്പിങ്ങില്ലാതെ കാടുകയറിയത് ജില്ലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. റബ്ബർ തോട്ടങ്ങൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായി മാറി. ഇവയുടെ ആക്രമണം മൂലം കാലിവളർത്തൽ പ്രതിസന്ധിയിലായി. മറ്റു കൃഷികളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു.






