പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്‌ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം മകൻ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്.
ഒരു വർഷത്തിനുശേഷം സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ജമ്മുകശ്മീരിലെ പഹല്‍ഗാം പാക്ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച മകള്‍ ആരതിയുടെ വീഡിയോയ്‌ക്ക് താഴെയായിരുന്നു മുഹമ്മദ് സനൂഫ് പ്രകോപനപരമായ കമന്റിട്ടത്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരായും ഇന്ത്യൻ സൈന്യത്തിനെതിരായും മതവിദ്വേഷം നിറഞ്ഞ പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നടത്തിയത്.
‘ഇന്ത്യക്കാര്‍ ഇനിയും മരിക്കും’ എന്ന തരത്തിലുള്ള വിദ്വേഷവും പ്രകോപനപരവുമായ പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നടത്തിയത്.
പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലോ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഐടി നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

















