മിഷണറി പ്രവർത്തനത്തിന്റെ മറവില്‍ നക്സല്‍-മാവോയിസ്റ്റ് ബാധിത മേഖലകളിലേക്ക് വിദേശ ഫണ്ട് ഒഴുക്കിയ അമേരിക്കൻ സംഘടനയായ ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ (TTI) എന്ന സംഘടനയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കുന്നു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും കടുത്ത ഭീഷണിയായ ഫണ്ടിംഗ് കണ്ടെത്തിയതിനെത്തുടർന്ന്, വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ലംഘനത്തിന് കേസെടുക്കാൻ ഇഡി സിബിഐയോട് ആവശ്യപ്പെട്ടു.
റിസർവ് ബാങ്കിന്റെ നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ വിദേശ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാർഡുകളാണ് ടിടിഐ ഉപയോഗിച്ചിരുന്നത്. 2025 നവംബറിനും 2026 ഏപ്രിലിനും ഇടയില്‍ മാത്രം ഇവർ ഏകദേശം 95 കോടി രൂപ രാജ്യത്തേക്ക് ഒഴുക്കി. ഇതില്‍ 6.5 കോടിയോളം രൂപ ഛത്തീസ്ഗഡിലെ ബസ്തർ, ധംതരി തുടങ്ങിയ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ എടിഎമ്മുകളില്‍ നിന്നാണ് പിൻവലിച്ചത്.
ഇഡി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ടിടിഐ തങ്ങളുടെ ആഗോള വെബ്‌സൈറ്റ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യുകയും യുഎസ് സെർവറുകളിലുണ്ടായിരുന്ന ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ഭാരതീയ ന്യായ സംഹിത, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ പ്രകാരം ഏജൻസി പ്രത്യേക കേസെടുക്കുന്നുണ്ട്.
സംഘടനയുടെ പ്രധാന ഏജന്റ് മിഖാ മാർക്കിനെ കഴിഞ്ഞ ഏപ്രിലില്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇഡി പിടികൂടിയിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് വ്യാജപേരുകളില്‍ അച്ചടിച്ച 24 വിദേശ ഡെബിറ്റ് കാർഡുകള്‍ കണ്ടെത്തി. പ്രതികള്‍ നല്‍കിയ യുഎപിഎ (UAPA) കേസ് റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി കർശനമായി തള്ളി. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള ‘ഓക്സിജൻ’ ആണ് ഇത്തരം രഹസ്യ ഫണ്ടിംഗെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന ഈ ശൃംഖലയെ പൂർണ്ണമായും വേരറുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികള്‍.

















