ആറ്റുകാല്‍ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തുവെന്നും ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട്.മേയറുടെ വാദം തള്ളിയാണ് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നത്. ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് ജില്ലാ കളക്ടർ റിപ്പോർട്ട് പുറത്തുവിട്ടത്.
ക്ഷേത്രപരിസരം രണ്ടുദിവസത്തിനുള്ളില്‍ വൃത്തിയാക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ശുചീകരണത്തില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്. പൊങ്കാലയുടെ പിറ്റേദിവസം പുലർച്ചെ നഗരം ശുചീകരിച്ചെന്നായിരുന്നു മേയർ വി വി രാജേഷിന്റെ വാദം.
അതേസമയം, സംസ്കൃത കോളെജിലെ മാലിന്യം വൃത്തിയാക്കാത്തതിന് പിന്നാലെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കോളെജും പരിസരവും നേരത്തെ വൃത്തിയാക്കിയിരുന്നു. ശുചീകരണം പരാജയപ്പെട്ടെന്നത് പ്രതിപക്ഷം ഉന്നയിച്ചെങ്കിലും നഗരശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും ബി ജെ പി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അപ്പാടെ തള്ളുന്നതാണ് കളക്ടറുടെ റിപ്പോർട്ട്.

















