രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ യഥാർത്ഥ കുറ്റവാളികളെ ബിജെപി സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍.അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ സംഭാവനകളുടെ തട്ടിപ്പ് പരാമർശിച്ച കെജ്‌രിവാള്‍, ഉത്തരവാദിത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ് അന്വേഷണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചു.അന്വേഷണം അട്ടിമറിച്ച് യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇത് തട്ടിക്കൂട്ടിയ പ്രത്യേക അന്വേഷണ സംഘവും വ്യാജ പ്രഥമ വിവര റിപ്പോർട്ടുമാണ് (എഫ്.ഐ.ആർ). കേസില്‍ യഥാർഥ കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്. എന്തിനാണ് അവർക്ക് ഈ സംരക്ഷണം നല്‍കുന്നത്?’ – കെജ്രിവാള്‍ വാർത്തസമ്മേളനത്തില്‍ ചോദിച്ചു.
ബി.ജെ.പി നേതാക്കള്‍ക്ക് ശ്രീരാമൻ ദൈവമാണെന്ന് തോന്നുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവർ രാമക്ഷേത്ര ഫണ്ട് മോഷ്ടിക്കില്ലായിരുന്നു. തട്ടിപ്പ് നടത്തിയവർക്ക് ശിക്ഷ ലഭിക്കണമെങ്കില്‍ കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള നിലവിലെ സർക്കാറുകളെ മാറ്റി പുതിയ ഭരണം കൊണ്ടുവരണം.
തങ്ങളുടെ പ്രസംഗങ്ങളിലും മറ്റും ഭഗവാൻ രാമനെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചും വാചാലരാകുന്ന ബി.ജെ.പി നേതാക്കള്‍ കാപട്യത്തിന്റെ വക്താക്കളാണെന്നും കെജ്രിവാള്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കഴിഞ്ഞ 891 ദിവസമായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുതവണ പോലും അവിടെ സന്ദർശിക്കുകയോ ശ്രീരാമന്റെ പാദങ്ങളില്‍ വണങ്ങുകയോ ചെയ്തിട്ടില്ല.
അതിനിടെ, രാമക്ഷേത്ര കൊള്ളയില്‍ പ്രത്യേക അന്വേഷണം കൂടുതല്‍ പേരെ ചോദ്യം ചെയ്തു വരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ. കേസില്‍ പ്രതിയായ 22 കാരൻ അനുകല്‍പ് മിശ്രയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്ത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അയോധ്യയിലെ വീട്, ഫാം ഹൗസ് ഉള്‍പ്പെടെയാണ് അനധികൃതമായി സമ്പാദിച്ചത്. അടുത്തിടെ വാഹനങ്ങള്‍ വാങ്ങിയതും മറ്റു സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കേസിലെ മറ്റു പ്രതികളുടെ സ്വത്തുക്കളും വരുംദിവസങ്ങളില്‍ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കും. അതേസമയം, രാമക്ഷേത്ര കൊള്ള വിവാദം രാഷ്ട്രീയമായി കത്തുമ്പോഴും ക്ഷേത്രത്തിലേക്കുള്ള സംഭാവനകളില്‍ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.
ബാങ്ക് ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ ജീവനക്കാരും നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പ്രതിദിന നിക്ഷേപം ഇരട്ടിയായി വർധിച്ച് 20 മുതല്‍ 24 ലക്ഷം രൂപ വരെയായി ഉയർന്നു. കടുത്ത ആരോപണങ്ങള്‍ ഉയരുമ്പോഴും ഭക്തരുടെ വിശ്വാസത്തിനും സംഭാവനകള്‍ക്കും യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

















