തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നരപതിറ്റാണ്ട നീണ്ട ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലേറിയ ബിജെപി ഇതാദ്യമായി പശ്ചിമബംഗാളില്‍ സര്‍ക്കാരുണ്ടാക്കുമ്പോള്‍ ഏക വനിതാമന്ത്രിയായ അഗ്നിമിത്ര പോളിനെ തെരഞ്ഞ് സൈബര്‍ലോകം.ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഏക വനിതാ മന്ത്രിയാണ് 51-കാരിയായ അഗ്‌നിമിത്ര പോള്‍.

ഫാഷന്‍ ഡിസൈനര്‍ രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ അഗ്‌നിമിത്ര, വെള്ളിയാഴ്ചയാണ് മന്ത്രിയായി ചുമതലയേറ്റത്. ദിലീപ് ഘോഷ്, അശോക് കിര്‍ത്താനിയ, ക്ഷുദിറാം ടുഡു, നിസിത് പ്രമാണിക് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് അഗ്‌നിമിത്രയും സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാലത്ത് സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്ന ബംഗാളില്‍, സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രതീകമായാണ് ബിജെപി അഗ്‌നിമിത്രയുടെ മന്ത്രിസഭാ പ്രവേശനത്തെ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി ബംഗാള്‍ ഘടകത്തിന്റെ വൈസ് പ്രസിഡന്റായ ഇവര്‍ അസന്‍സോള്‍ ദക്ഷിണില്‍ നിന്നുള്ള രണ്ട് തവണ എംഎല്‍എയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തപസ് ബാനര്‍ജിയെ 40,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവര്‍ സീറ്റ് നിലനിര്‍ത്തിയത്. 2019-ല്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് കൊല്‍ക്കത്തയിലെ ഫാഷന്‍ ലോകത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു അഗ്‌നിമിത്ര. ‘ഇംഗ’ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ ലേബല്‍ നടത്തിയിരുന്ന അവര്‍, ശ്രീദേവി, ഹേമമാലിനി തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ബംഗാളിന്റെ തനതായ ‘കാന്ത’ എംബ്രോയ്ഡറി വര്‍ക്കുകളെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ അവര്‍ വലിയ പങ്ക് വഹിച്ചു.

അസന്‍സോളിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അഗ്‌നിമിത്ര, ബോട്ടണിയില്‍ ബിരുദം നേടിയ ശേഷമാണ് ഫാഷന്‍ ടെക്‌നോളജിയിലേക്ക് തിരിഞ്ഞത്. ബിജെപിയുടെ മഹിളാ മോര്‍ച്ചയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അഗ്‌നിമിത്ര ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാര്‍ട്ടിയുടെ മുന്‍നിര നേതാവായി മാറി. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും ഇവരുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്‌, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ 23 ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. എന്നാല്‍ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്ത്രീശാക്തീകരണത്തിനും താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ഒരു നേതാവായാണ് അവര്‍ അറിയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക