പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ.കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിഷേക് ബാനർജിയെ ‘പാപി’ എന്ന് വിശേഷിപ്പിച്ച ബിജെപി എംപി, പാപികള്‍ക്ക് ശിക്ഷ ഉടൻ ലഭിക്കുമെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും പറഞ്ഞു. അഭിഷേകിന്റെ വീടിന് മുന്നില്‍ ഇപ്പോള്‍ ‘ബുള്‍ഡോസർ’ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിലായി നൂറോളം തൃണമൂല്‍ കൗണ്‍സിലർമാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാജിവെച്ചതായാണ് റിപ്പോർട്ട്. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവും മമത ബാനർജിയുടെ ഏറ്റവും വിശ്വസ്‌തയുമായ കാകോലി ഘോഷ് ദസ്തീദാർ കഴിഞ്ഞ ദിവസം സുവേന്ദു അധികാരിയുടെ യോഗത്തില്‍ പങ്കെടുത്തതും വലിയ വിവാദമായിട്ടുണ്ട്. ഇവർക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷയും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ സൗമിത്ര ഖാന്റെ അവകാശവാദങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ഇത്നുണപ്രചാരണം മാത്രമാണെന്നും പാർട്ടിക്കുള്ളില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും തൃണമൂല്‍ എംപി സൗഗത റോയ് പ്രതികരിച്ചു. ബംഗാളില്‍ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ കലഹങ്ങളും കൂറുമാറ്റ ഭീഷണികളും പുറത്തുവരുന്നത്. ഇതോടൊപ്പം അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും മമത ബാനർജിയെയും സംഘത്തെയും കൂടുതല്‍ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

















