വെനിസ്വേലയില്‍ വച്ച്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കം ആന്തരികാവയവങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത് വലിയ നിഗൂഢതയ്ക്കും വിവാദത്തിനും കാരണമാകുന്നു.ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്‍ (33) എന്ന നാവികന്റെ ശരീരത്തില്‍ നിന്നാണ് അവയവങ്ങള്‍ അപ്രത്യക്ഷമായത്. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ മേയ് മാസത്തിലാണ് രാകേഷ് വെനിസ്വേലയില്‍ വച്ച്‌ മരണപ്പെടുന്നത്. തുടര്‍ന്ന് വെനിസ്വേലന്‍ അധികൃതര്‍ യാതൊരുവിധ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ മരണവിവരങ്ങളോ നല്‍കാതെയാണ് മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടത്. സംശയം തോന്നിയ കുടുംബം ഇന്ത്യയില്‍ വച്ച്‌ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിയോറിയ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, ഇരു ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍, പ്ലീഹ, ആമാശയം, കുടലുകള്‍, തൈറോയ്ഡ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ആന്തരികാവയവവും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല.

കഴുത്ത് മുതല്‍ അടിവയര്‍ വരെയും ഒരു ചെവിയില്‍ നിന്ന് മറ്റേ ചെവി വരെയുമുള്ള ഭാഗങ്ങള്‍ നേരത്തെ തന്നെ കീറിമുറിച്ച്‌ തുന്നിക്കെട്ടിയ നിലയിലായിരുന്നു. അവയവങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.

തുടക്കത്തില്‍, കപ്പലില്‍ വച്ച്‌ രാകേഷിന് വീണു പരിക്കേറ്റതായും ചികിത്സയിലാണെന്നുമാണ് കമ്പനി അധികൃതര്‍ ഫോണിലൂടെ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് തിരുത്തിപ്പറഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഒരു മാസത്തോളം വൈകി ജൂണ്‍ 4-നാണ് മൃതദേഹം ഡിയോറിയയില്‍ എത്തിച്ചത്.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളോട് കാണിക്കുന്ന ഇത്തരം ക്രൂരതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും, വെനിസ്വേലയിലെ ഇന്ത്യന്‍ എംബസി ഉടന്‍ ഇടപെട്ട് കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും നാവികരുടെ സംഘടന ആവശ്യപ്പെട്ടു.

സാധാരണയായി ആദ്യ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി പരിശോധനകള്‍ക്കായി അവയവങ്ങള്‍ മാറ്റാറുണ്ടെങ്കിലും, ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ റിപ്പോര്‍ട്ടുകളോ വെനിസ്വേലന്‍ അധികൃതരോ രാകേഷ് ജോലി ചെയ്തിരുന്ന കമ്പനിയോ നല്‍കാത്തതാണ് അവയവക്കടത്ത് ഉള്‍പ്പെടെയുള്ള വലിയ സംശയങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക