മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നു.മാതാപിതാക്കളും രണ്ട് മക്കളും മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. നാലുപേരും മരിച്ചത് വിഷബാധ മൂലമാണെന്നും മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശവും അധികൃതർ കണ്ടെത്തി.
പോസ്റ്റ്‌മോർട്ടത്തില്‍ മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങളില്‍ പച്ചനിറം കണ്ടെത്തിയിരുന്നു. ഇത് കേസില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് വിഷബാധമൂലമാണ് ആന്തരികാവയവങ്ങള്‍ ഈ നിറത്തിലാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഏപ്രില്‍ 27നായിരുന്നു ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുല്ല ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവര്‍ മരിച്ചത്. രാത്രി വീട്ടില്‍ വന്ന അതിഥികള്‍ക്കൊപ്പം ഇവർ ഭക്ഷണം കഴിച്ചിരുന്നു. അതിഥികള്‍ പോയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ നാലുപേര്‍ക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു. മരിച്ച അബ്ദുല്ല ദൊകാഡിയയുടെ ശരീരത്തില്‍ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസില്‍ വലിയ ദുരൂഹതയുണ്ടാക്കിയിയിരുന്നു.
ഫോറൻസിക് പരിശോധനയില്‍ നാലുപേരുടെയും മരണം മാരകമായ ഒരു എലിവിഷം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എലിവിഷത്തില്‍ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ സിങ്ക് ഫോസ്ഫൈറ്റിന്റെ അംശം ഇവരുടെ ശരീരത്തില്‍ ഡോക്ടർമാർ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളില്‍ സിങ്ക് ഫോസ്ഫൈറ്റും കണ്ടെത്തി. തണ്ണിമത്തനില്‍ രാസവസ്തുക്കള്‍ കലർന്നത് ആകസ്മികമാണോ അതോ മനഃപൂർവം കുത്തിവച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്. കൂട്ടആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന ശക്തമായ തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ആളുകളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.






