പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത ബാനർജി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ നടക്കുന്ന ബുള്‍ഡോസർ നടപടികളെക്കുറിച്ചും മമത ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാപരമായ മൂല്യങ്ങളെ ഈ സർക്കാർ തകർക്കുകയാണെന്നും ബി.ജെ.പി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യം വെച്ച്‌ മമത പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ വൻ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ കൊല്‍ക്കത്ത മുൻസിപ്പല്‍ കോർപ്പറേഷൻ നോട്ടീസ് നല്‍കിയതിനെ അഭിഷേക് ബാനർജി വെല്ലുവിളിച്ചു. ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ താൻ വഴങ്ങില്ലെന്നും തന്റെ വീട് തകർത്താലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നാരദ സ്റ്റുഡിയോ ദൃശ്യങ്ങളില്‍ പണം വാങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നതെന്ന് സുവേന്ദു അധികാരിയെ പരിഹസിച്ചുകൊണ്ട് അഭിഷേക് കൂട്ടിച്ചേർത്തു. ബംഗാളില്‍ ബി.ജെ.പി സർക്കാർ ‘ബുള്‍ഡോസർ സംസ്കാരം’ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക