പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക് കനത്ത തിരിച്ചടിയാവുകയാണ്. ട്രാൻസ്ഫർ ഉത്തരവിന് പിന്നിൽ പ്രവർത്തിച്ചത് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും, മുൻ വനിത ചെയർപേഴ്സനുമാണ് എന്നും ആക്ഷേപം ഉയരുന്നുണ്ട്. മുനിസിപ്പൽ ഭരണത്തിൽ പാർട്ടി നേതാവ് കൂടിയായ “തോറ്റ കൗൺസിലറുടെ” ദൈനംദിന ഇടപെടലിനെ നിരന്തരം ചോദ്യം ചെയ്തതും ഈ ഉദ്യോഗസ്ഥനെ മാണി ഗ്രൂപ്പിൻറെ കണ്ണിലെ കരടാക്കിയിരുന്നു. കേരള കോൺഗ്രസ് എം പ്രതിനിധികളായ സാവിയോ കാവുകാട്ട്, ലീന സണ്ണി, ബിജു പാലൂപടവൻ എന്നിവർക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാനെ ഇടപെടുത്തി മന്ത്രി റോഷി അഗസ്റ്റിന് നിർദ്ദേശം നൽകിച്ചാണ് ഉദ്യോഗസ്ഥന് ട്രാൻസ്ഫർ ചെയ്യാനുള്ള നീക്കം ഇവർ നടപ്പാക്കിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

പ്രധാന തർക്കം അംഗൻവാടിയെ ചൊല്ലിയും, ഹെൽത്ത് & വെൽനസ് സെന്റർ കെട്ടിടത്തിന്റെ അമിത വാടകയെ ചൊല്ലിയും?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ സാവിയോയുടെ വാർഡിലെ പുതിയ അംഗൻവാടിയുമായി ബന്ധപ്പെട്ട് കൗൺസിലർ നിർദ്ദേശിച്ച ചില ക്രമവിരുദ്ധ നീക്കങ്ങളെ അസിസ്റ്റൻറ് എൻജിനീയർ എതിർത്തിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. നിയമവിരുദ്ധമായ ചില കാര്യങ്ങൾ അംഗൻവാടിയിൽ നടത്തണമെന്ന് കൗൺസിലർ നിർദ്ദേശിച്ചപ്പോൾ അതിന് ഉദ്യോഗസ്ഥൻ എതിർക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ വാർഡിൽ പ്രവർത്തനം ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയെ കുറിച്ചും ചില സംശയങ്ങളും ആക്ഷേപങ്ങളും ഉയരുന്നുണ്ടായിരുന്നു. 15000 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കുമായിരുന്ന കെട്ടിടമാണ് 30000 രൂപയിലധികം വാടക നൽകി സെന്റർ പ്രവർത്തിക്കുവാൻ ഏറ്റെടുത്തതെന്നും ഇതിന് പിന്നിൽ കൗൺസിലറുടെ അഴിമതി ഉണ്ടെന്നും ആക്ഷേപം സജീവമായിരുന്നു. ഇക്കാര്യങ്ങളിലെ ക്രമവിരുദ്ധ നീക്കങ്ങളെ ചോദ്യം ചെയ്തതാണ് അസിസ്റ്റൻറ് എൻജിനീയറോട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന് പക തോന്നാൻ കാരണമെന്ന് സംശയങ്ങൾ ഇതിനാൽ തന്നെ ബലപ്പെടുന്നുണ്ട്.

മുൻ ചെയർപേഴ്സൺ കൂടിയായ വനിതാ കൗൺസിലർക്ക് അംഗൻവാടി നിർമിക്കേണ്ടത് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മീൻകടയോടും, മാലിന്യ സംസ്കരണ കേന്ദ്രത്തോടും ചേർന്നിരിക്കുന്ന മൂത്രപ്പുരയ്ക്ക് മുകളിൽ

മുൻ ചെയർപേഴ്സൺ കൂടിയായ വനിതാ കൗൺസിലർക്ക് എൻജിനീയറോട് പക തോന്നാനുള്ള കാരണം മൂത്രപ്പുരയ്ക്കു മുകളിൽ അംഗൻവാടി നിർമ്മിക്കുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകാത്തതാണ്. നിരവധി കുട്ടികൾ ആശ്രയിക്കുന്ന അംഗൻവാടി കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന മൂത്രപ്പുരയ്ക്കു മുകളിൽ സ്ഥാപിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് ആണ് ഇവർ ആവശ്യപ്പെട്ടത്. സ്വകാര്യ മീൻ കടയ്ക്ക് എതിർവശത്ത്, മാലിന്യ കൂമ്പാരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് അംഗൻവാടി സ്ഥാപിക്കുന്നതിനെ ഉദ്യോഗസ്ഥൻ എതിർക്കുകയും അത് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ നടപടിയാണ് മുൻ ചെയർപേഴ്സൺ കൂടിയായ വനിതാ കൗൺസിലർ ലീന സണ്ണിയെ പ്രകോപിപ്പിച്ചത് എന്നും പറയപ്പെടുന്നു.

സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് അംഗൻവാടികളെ ആശ്രയിക്കുന്നത്. അതിനാൽ തന്നെ ഇത് എന്തോ ഔദാര്യം നൽകുന്നതാണെന്ന സമീപനത്തോടെയാണ് മൂത്രപ്പുരയ്ക്കു മുകളിൽ അംഗൻവാടി സ്ഥാപിക്കണമെന്ന വനിതാ കൗൺസിലറുടെ ആവശ്യം. വാർഡിലെ പൊതുപ്രവർത്തകനായ ബിജു മാത്യൂസ് മറ്റുസ്ഥലം കണ്ടെത്തി കൊടുക്കാമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് അത് ചെവി കൊള്ളാതെയാണ് മൂത്രപ്പുരയ്ക്ക് മുകളിൽ വിദ്യാലയം സ്ഥാപിക്കണമെന്ന ഇവരുടെ പിടിവാശി. മുൻപ് പ്രമുഖ ദിനപത്രത്തിൽ തന്റെ വികസന നേട്ടമായി വാർഡിൽ 30 ലക്ഷം രൂപ ചെലവഴിച്ച് അംഗൻവാടി പൂർത്തിയാക്കിയെന്ന് ഇവർ വ്യാജ അവകാശവാദം ഉന്നയിച്ചത് മുൻപ് വലിയ വാർത്തയാവുകയും കൗൺസിലി യോഗത്തിൽ പ്രതിപക്ഷം ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക