പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരില്‍ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകള്‍.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി.
പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. കൃത്യം കണക്കുകള്‍ ഇന്ന് അറിയാമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു.
സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങള്‍ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസ്സുടമകള്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയുടെ ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്. തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസില്‍ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിലെ അമരക്കാരായി.
സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് ഓരോ മാസവും നല്‍കും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാല്‍ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയില്‍ നിന്ന് വിട്ടുനിന്നത്.

















