കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് ശമ്പളം നല്‍കാൻ പോലും പാടുപെടുന്ന കെഎസ്‌ആർടിസിയില്‍ കോടികളുടെ വമ്പൻ പർച്ചേസ് തട്ടിപ്പ് പുറത്ത്.ഒരേ ദിവസം, ഒരേ കമ്പനിയുടെ ഒരേ മോഡല്‍ ബസുകള്‍ കെഎസ്‌ആർടിസി വാങ്ങിയത് വ്യത്യസ്ത വിലയ്ക്കാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോടികളുടെ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന കെഎസ്‌ആർടിസിയുടെ ഔദ്യോഗിക പർച്ചേസ് രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്. പൊതുമുതല്‍ ഇത്തരത്തില്‍ കൊള്ളയടിച്ചിട്ടും ഈ ഗുരുതരമായ വിഷയത്തില്‍ ഇതുവരെ യാതൊരുവിധ അന്വേഷണമോ ആഭ്യന്തര ഓഡിറ്റോ നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നത് തട്ടിപ്പിന്റെ ആഴം കൂട്ടുന്നു.
ടാറ്റ കമ്പനിയുടെ 181 ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിലാണ് വൻ പൊരുത്തക്കേടുകളും ക്രമക്കേടുകളും കണ്ടെത്തിയിരിക്കുന്നത്. ലഭ്യമായ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 2025 നവംബർ 21-നാണ് വിവാദത്തിനാസ്പദമായ പർച്ചേസ് നടന്നിരിക്കുന്നത്. അന്ന് കെഎസ്‌ആർടിസി ഒരേ ദിവസം എട്ട് ടാറ്റ ബസുകള്‍ വാങ്ങിയത് ഒന്നിന് 29,82,015 (ഇരുപത്തിയൊൻപത് ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി പതിനഞ്ച്) രൂപ നിരക്കിലാണ്.
എന്നാല്‍ കൗതുകകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ ഇതേ കമ്പനിയുടെ ഇതേ മോഡലിലുള്ള മറ്റ് അഞ്ച് ബസുകള്‍ കൂടി കെഎസ്‌ആർടിസി വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ വാങ്ങിയത് ഒന്നിന് 27,74,593 (ഇരുപത്തിയേഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിമൂന്ന്) രൂപയ്ക്കാണ്.
ഒരേ ദിവസം ഒരേ സ്പെസിഫിക്കേഷനിലുള്ള ബസുകള്‍ വാങ്ങിയപ്പോള്‍ ഒന്നിന് രണ്ട് ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്. ഉയർന്ന വിലയ്ക്ക് എട്ട് ബസുകള്‍ ഒന്നിച്ച് വാങ്ങിയതിലൂടെ മാത്രം ഒറ്റദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപയുടെ വൻ ക്രമക്കേടാണ് കെഎസ്‌ആർടിസിയില്‍ നടന്നിരിക്കുന്നത്. മൊത്തം വാങ്ങിയ 181 ബസുകളുടെയും ഇടപാടുകള്‍ കൃത്യമായി പരിശോധിച്ചാല്‍ അഴിമതിയുടെ തുക കോടികള്‍ കവിയുമെന്നാണ് സൂചന.
സാധാരണഗതിയില്‍ വൻതോതില്‍ ബസുകള്‍ ഓർഡർ ചെയ്യുമ്പോള്‍ കമ്പനികള്‍ കെഎസ്‌ആർടിസിക്ക് വലിയ വിലക്കിഴിവ് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ കുറഞ്ഞ വിലയ്ക്ക് ബസുകള്‍ നല്‍കാൻ കമ്പനി തയ്യാറായിട്ടും, ഉയർന്ന വില കാണിച്ച് ബസുകള്‍ വാങ്ങിയതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വൻ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
മാനേജ്‌മെന്റിന്റെ കണ്‍മുന്നില്‍ ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും വിജിലൻസോ മറ്റ് ഏജൻസികളോ ഇത് അന്വേഷിക്കാൻ തയാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഡീസല്‍ അടിക്കാനും സ്പെയർ പാർട്സ് വാങ്ങാനും പണമില്ലെന്ന് പറഞ്ഞ് സർവീസുകള്‍ വെട്ടിക്കുറയ്ക്കുകയും, കെ-സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള വിവാദ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന കെഎസ്‌ആർടിസിയിലാണ് പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തില്‍ ധൂർത്തടിക്കുന്നത്. വൻ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി കെഎസ്‌ആർടിസിയിലെ വിവിധ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

















