ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച്‌ മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. വട്ടിയൂര്‍ക്കാവിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനുപിന്നാലെയായിരുന്നു പോലീസിനെതിരായ പ്രതിഷേധം.

‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, കാക്കിയിട്ടൊരു ഗുണ്ടകളേ, പിണറായിയുടെ തെമ്മാടികളേ’, ഇങ്ങനെ പോകുന്നു മുദ്രാവാക്യം. ഇത് ആര്‍. ശ്രീലേഖയും ഏറ്റുവിളിച്ചു. അതും മഴനനഞ്ഞ്. കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ ഡിജിപിയായിരുന്നു ആര്‍. ശ്രീലേഖ. വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ അവര്‍ മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരേ തന്നെ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷിയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. ഇവരെ നേരിടാന്‍ സ്റ്റേഷനു മുന്നില്‍ വന്‍സന്നാഹമാണ് പോലീസ് ഒരുക്കിയത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെയും ക്യാമ്പിലെയും പോലീസുകാരെ ഇവിടെ വിന്യസിച്ചു. ഇരുമ്പ് ബാരിക്കേഡും ജലപീരങ്കിയും ഒക്കെ സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷനു മുന്നിലെ പ്രധാനകവാടം നാലുമണിക്ക് തന്നെ പൊലീസ് കെട്ടിയടച്ചിരുന്നു.

മഴ നനഞ്ഞെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഇരുമ്പുവേലിക്കു മുകളില്‍ക്കയറി പ്രതിഷേധിച്ചു. വട്ടിയൂര്‍ക്കാവ് ഇന്‍സ്പെക്ടര്‍ വിപിനെതിരേയായിരുന്നു പ്രതിഷേധമുയര്‍ന്നത്. ഇതിനിടെ പോലീസുമായി ഉന്തുംതള്ളും വാക്കുതര്‍ക്കവുമുണ്ടായി. പുരുഷ പൊലീസുകാര്‍ വനിതകളെ നേരിട്ടതോടെ ഇവര്‍ മഴ അവഗണിച്ച്‌ റോഡില്‍ കുത്തിയിരുന്നു.

ഇതോടെ ജങ്ഷന്‍ വഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. അതോടെ വനിതകള്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ച്‌ പിരിച്ചുവിടാന്‍ നോക്കി. പലരും തളര്‍ന്നു വീണു. കൗണ്‍സിലര്‍ ഉള്‍പ്പെടെ ആറ് വനിതകളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നും പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ആര്‍. ശ്രീലേഖ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഞ്ജനയും സംസാരിച്ചു. ഇതിനിടെയും ജലപീരങ്കി പ്രയോഗം നടന്നു. പിന്നെയും ചിലര്‍ തളര്‍ന്നു വീണു. ഇതോടെ പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രകോപിതരായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പ്രവര്‍ത്തകര്‍ സ്ഥലത്തു നിന്നും തിരികെപ്പോയത്.

നെട്ടയം സംഘര്‍ഷത്തില്‍ വട്ടിയൂര്‍ക്കാവ് എസ്.എച്ച്‌.ഒ. വിപിന്റെയും എസ്.ഐ. ദീപുവിന്റെയും നേതൃത്വത്തില്‍ പോലീസ് നടത്തിയത് അടിയന്തരാവസ്ഥ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ക്രൂരതയാണെന്നും ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. പോലീസുകാര്‍ക്കു പരിക്കേറ്റത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ കല്ലേറിലാണെന്നും ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കു കൈമാറിയിരുന്നെന്നും ആര്‍. ശ്രീലേഖ, സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവിലുണ്ടായ സംഘര്‍ഷത്തിനുപിന്നാലെ പോലീസിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ വേണ്ടെന്നുവെച്ചു. പോലീസിനു വീഴ്ചയുണ്ടായതായുള്ള പരാതിയില്‍ അന്വേഷണത്തിനോ നടപടിക്കോ സാധ്യതയില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പരാതിക്കാരായ ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് മര്‍ദിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റ ബി.ജെ.പി. നേതാവ് ബിനുവിനെയും അയ്യപ്പനെയും പിന്നീട് പോലീസ് പ്രതിപ്പട്ടികയില്‍നിന്നു നീക്കിയിരുന്നു. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.തിങ്കളാഴ്ച ശാസ്തമംഗലം ഇടപ്പഴഞ്ഞി സുബ്രഹ്മണ്യക്ഷേത്ര വളപ്പിലെ കമ്മിറ്റി ഓഫീസ് ചവിട്ടിപ്പൊളിച്ചാണ് ആറുപേരെ പൊലീസ് പിടികൂടിയത്. ഇവരെ എ.ആര്‍. ക്യാമ്പിലെത്തിച്ച്‌ മര്‍ദിച്ചെന്നാണ് ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക