മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികള്‍ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയാണ് ബോർഡ് നിർണ്ണായകമായ ഈ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാം എന്നതംഗീകരിക്കുമ്പോഴും, പ്രവേശനം പ്രധാന വാതിലിലൂടെ തന്നെ വേണമെന്നോ പുരുഷന്മാരുമായുള്ള വേർതിരിവ് ഒഴിവാക്കണമെന്നോ സ്ത്രീകള്‍ക്ക് വാശിപിടിക്കാനാവില്ലെന്നും ബോർഡ് പറഞ്ഞു.
പ്രവാചകന്റെ കാലം മുതല്‍ക്കേ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനമുണ്ടെന്നും ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തർക്കമില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദ് വാദിച്ചു. എന്നാല്‍ പാരമ്പര്യമായി പിന്തുടരുന്ന അച്ചടക്കങ്ങള്‍ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പള്ളികളില്‍ ഗർഭഗൃഹം എന്ന സങ്കല്‍പ്പമില്ലാത്തതിനാല്‍ ഒരു പ്രത്യേക സ്ഥലത്ത് തന്നെ നിന്ന് പ്രാർത്ഥിക്കണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാവില്ല. പുരുഷന്മാർക്ക് പള്ളിയില്‍ പോയി പ്രാർത്ഥിക്കുന്നത് നിർബന്ധമാണെങ്കിലും സ്ത്രീകള്‍ക്ക് വീട്ടിലെ ഉത്തരവാദിത്തങ്ങളും കുട്ടികളുടെ കാര്യങ്ങളും പരിഗണിച്ചാണ് ഇളവ് നല്‍കിയിട്ടുള്ളതെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. സ്ത്രീകള്‍ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും പള്ളിയില്‍ പോകുന്ന അതേ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹിക പരിഷ്കരണത്തിന്റെ പേരില്‍ ആചാരങ്ങളില്‍ സർക്കാർ എപ്പോള്‍ ഇടപെടണമെന്ന് മുൻകൂട്ടി നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വ്യക്തികളുടെ മതസ്വാതന്ത്ര്യം പോലെ തന്നെ ഭരണഘടനാപരമായ കടമകളും പ്രധാനമാണെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. പൂനെ സ്വദേശികളായ ദമ്പതികള്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിനായി നല്‍കിയ ഹർജിയിലും ഈ ഒൻപതംഗ ബെഞ്ചിന്റെ തീരുമാനം നിർണ്ണായകമാകും. കേസില്‍ സംസ്ഥാന സർക്കാരിന്റെ വാദമടക്കം വരും ദിവസങ്ങളിലും തുടരും.





