കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ തിരുവല്ല പോലീസ് സ്റ്റേഷന് ശാപമോക്ഷമാകുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പോലീസ് കോംപ്ലക്സ് നിർമ്മാണത്തിന് സർക്കാർ ഉത്തരവ് ലഭ്യമായി. നാല് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിർമ്മിക്കുന്ന സമുച്ചയത്തിന്റെ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച്‌ അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ നിവേദനത്തെത്തുടർന്നാണ് അടിയന്തര നടപടി.

കഴിഞ്ഞ അഞ്ച് വർഷമായി പോലീസ് ക്വാർട്ടേഴ്‌സിലെ രണ്ട് വീടുകള്‍ യോജിപ്പിച്ചാണ് സ്റ്റേഷൻ്റെ പ്രവർത്തനം താല്‍ക്കാലികമായി നടന്നു വരുന്നത്. പരിമിതമായ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം എം.എല്‍.എ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടർന്ന്, കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയോട് സ്ഥലം പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവല്ല പോലീസ് ക്വാർട്ടേഴ്‌സ് നിലനില്‍ക്കുന്ന സ്ഥലത്താണ് പുതിയ പോലീസ് കോംപ്ലക്സ് ഉയരുന്നത്. ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനും സർക്കിള്‍ ഓഫീസും ഒരേ കെട്ടിടത്തില്‍ തന്നെ പ്രവർത്തിക്കും. കേരളത്തിലെ തന്നെ മാതൃകാപരമായ പോലീസ് കോംപ്ലക്സുകളില്‍ ഒന്നായി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ സന്ദർശിച്ച്‌ പ്രവർത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, തിരുവല്ല ഡി.വൈ.എസ്.പി ജിജു കെ. ആർ., സർക്കിള്‍ ഇൻസ്പെക്ടർ സുജിത് കെ. എസ്., കേരള പോലീസ് ഹൗസിംഗ് സൊസൈറ്റി പ്രോജക്‌ട് എഞ്ചിനീയർ സക്കീർ ഹുസൈൻ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക