സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി.കെഎസ്‌ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുൻകൂർ തുക അനുവദിക്കണം എന്ന് കെഎസ്‌ആർടിസി ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ ഇന്ധന സബ്‍സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച്‌ ഓരോ മാസവും അവസാനം ചെലവായ തുക കെഎസ്‌ആർടിസിക്ക് നല്‍കാമെന്നാണ് സർക്കാര്‍ ആലോചിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, അത് കോര്‍പറേഷനെ ബാധിക്കും. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയില്‍ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികള്‍ കെഎസ്‌ആർടിസിക്ക് ഇന്ധനം നല്‍കുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികള്‍ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്‌ആർടിസിക്കുണ്ട്. ഒന്നെങ്കില്‍ മുൻകൂറായി പണം നല്‍കണം. അല്ലെങ്കില്‍ ഓരോ ദിവസം ടിക്കറ്റുകള്‍ നോക്കി ചെലവായ തുക നല്‍കണം എന്നാണ് കെഎസ്‌ആർടിസിയുടെ ആവശ്യം. ഈ കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാര്‍ പോയിട്ടില്ല. കൂടുതല്‍ ചർച്ച നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഉത്ഘാടന യാത്രയില്‍ മുഖ്യമന്ത്രിയും

അതേസമയം, പ്രിയദർശിനി ഉത്ഘാടന യാത്രയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. തിങ്കളാഴ്ച തമ്പാനൂർ മുതല്‍ സെക്രട്ടറിയേറ്റ് വരെ വി ഡി സതീശൻ സഞ്ചരിക്കും. തമ്പാനൂർ മുതല്‍ പെരുമാതുറ വരെയാണ് ഉദ്ഘാടന യാത്ര. പ്രിയദർശിനി ബസില്‍ പ്രത്യേക സ്റ്റിക്കർ പതിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 15 മുതലാണ് നടപ്പിലാകുക.

വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്‌ആർടിസിക്ക് പ്രതിമാസം 65 മുതല്‍ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതല്‍ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക