ഓണ്‍ലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേർ അറസ്‌റ്റില്‍. ആലപ്പുഴ സ്വദേശികളായ ബിബി , പങ്കാളി സൗമ്യ എന്നിവരാണ് പൊലീസ് പിടിയിലായത്.യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്. തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചത് പത്തിലേറെ സിമ്മുകള്‍ ആണെന്ന് പൊലീസ് പറഞ്ഞു.
മഹാലക്ഷ്‌മി ഫൈനാൻസ് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ പരസ്യം നല്‍കിയായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെയാണ് പ്രതികള്‍ ഉന്നമിട്ടത്.കുറഞ്ഞ പലിശ നിരക്കില്‍ അതിവേഗം വായ്‌പ നല്‍കുമെന്നാണ് ഓണ്‍ലൈൻ പരസ്യത്തിലെ വാഗ്ദാനം. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കുന്ന സ്ത്രീകളെയാണ് പ്രതികള്‍ തട്ടിപ്പിന് ഇരകളാക്കിയത്. 5 ലക്ഷം രൂപ വായ്പയ്ക്ക് 75,000 രൂപയാണ് പ്രോസ്സിംഗ് ഫീസ്. ഇത് നല്‍കാനാകാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. പലതും പറഞ്ഞ് അവരുടെ നഗ്ന ദൃശ്യം കൈക്കലാക്കും. പിന്നീട് ഭീഷണിപ്പെടുത്തി പണം ചോദിക്കും.
പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് പ്രതികളുടെ ഭീഷണി. ഇത്തരത്തില്‍ ചതിയില്‍ പെട്ടത് 100 കണക്കിന് സ്ത്രീകളാണ്. മറ്റ് വഴിയില്ലാതെ പാലക്കാട്ടെ ഒരുയുവതി മൂന്ന് മാസം മുമ്പ് പൊലീസില്‍ പ്രതിക്കെതിരെ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത് വിവിധ ടീമുകളായി തിരിഞ്ഞാണ് സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങിയത്. വഴിക്കച്ച വടക്കാരുടെ സിം ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ പൈസ കൊടുത്ത് വാങ്ങിയാണ് ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളില്‍ താമസിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.. അതിനാല്‍ പ്രതികളിലേക്ക് എത്താൻ പൊലീസിന് ഏറെ പാടുപെടേണ്ടി വന്നു. അറസ്റ്റിലായ ബിബിൻ ഏഴ് കവർച്ചാ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാർ പിടിയിലായതോടെ കൂടുതല്‍ പരാതികള്‍ എത്താൻ തുടങ്ങിയിട്ടുണ്ട്.





