മർദ്ദനത്തിനിടെ തുണിക്കടയിലെ ഗ്ലാസ് ചില്ല് തറച്ച് പള്ളിച്ചല്‍ സ്വദേശി ശിവസൂര്യ (18) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കല്ലിയൂർ ഭാഗത്തു നിന്നും വെടിവച്ചാൻകോവില്‍ സ്വദേശി പ്രിയദർശനെയാണ് (20) നരുവാമൂട് പൊലീസ് പിടികൂടിയത്.
പള്ളിച്ചല്‍ സ്വദേശികളായ കാർത്തികേയൻ (21),അജിത് (20),ആരോമല്‍ (21)എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റുചെയ്തിരുന്നു. പ്രിയദർശൻ ഉള്‍പ്പെടെ പിടിയിലായ നാലുപേരെയും റിമാൻഡ് ചെയ്തു. സംഭവത്തില്‍ മറ്റൊരാളെക്കുറിച്ച് കൂടി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഒന്നര വർഷം മുമ്പ് ടർഫിലെ ഫുട്‌ബാള്‍ കളിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശിവസൂര്യയെ നേരത്തേയുള്ള തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് കാർത്തികേയൻ ഭഗവതിനടയിലെ ബംഗ്ലാവിന് സമീപത്തെത്തിച്ചു. ഇവിടെ വച്ച് സംസാരിച്ചെങ്കിലും ഒത്തുതീർപ്പായില്ല. തിരികെ വെടിവച്ചാംകോവിലിലെ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ മറ്റ് പ്രതികളുമായി വാക്കേറ്റമുണ്ടായത്. മർദ്ദനത്തിനിടെ റോഡരികിലുള്ള തുണിക്കടയിലെ ഗ്ലാസ് ഡോറില്‍ ഇടിച്ച് ശിവസൂര്യയുടെ ശരീരത്തില്‍ ചില്ല് തുളച്ചുകയറുകയായിരുന്നു. തുടർന്ന് പ്രതികള്‍ തന്നെ ശിവസൂര്യയെ ശാന്തിവിള താലൂക്ക് ആശുപത്രിലെത്തിച്ചു. തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും പ്രതികളെ രണ്ട് ദിവസത്തിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു.

















