വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നിന്നെന്ന വ്യാജേന എംഎല്‍എമാർക്കും എംപിമാർക്കുമുള്‍പ്പെടെ ഫോണ്‍ കോള്‍ എത്തിയ കേസില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ പുറത്ത്.തട്ടിപ്പിനായി ഉപയോഗിച്ച ഫോണ്‍ നമ്പർ ഒരു ഡല്‍ഹി സ്വദേശിയുടേതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ അന്വേഷണം ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനായി കേരള പോലീസിന്റെ പ്രത്യേക സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഓണ്‍ലൈൻ തട്ടിപ്പ് സംഘമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പോലീസ് വിഭാഗങ്ങള്‍ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഡിഎസ് രാജ്‌കുമാർ ഡിജിപിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. രാജ്‌കുമാറിന്റെ പേരിലായിരുന്നു ജനപ്രതിനിധികള്‍ക്ക് വ്യാജ കോല്‍ എത്തിയത്. ഉന്നതപദവിയും മന്ത്രിസ്ഥാനവും നല്‍കാമെന്നും, പകരം പണം നല്കണമെന്നുമായിരുന്നു കോള്‍ ചെയ്ത ആള്‍ മുന്നോട്ട് വെച്ച കാര്യം. സംഭവത്തില്‍ രാജ്‌കുമാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് ജനപ്രതിനിധികള്‍ക്കാണ് വ്യാജ കോള്‍ വന്നത്. ഷാഫി പറമ്പില്‍ എം.പി, ഡീൻ കുര്യാക്കോസ് എം.പി വിദ്യാ ബാലകൃഷ്ണൻ എംഎല്‍എതുടങ്ങി പലരെയും തട്ടിപ്പ് സംഘം ബന്ധപ്പെട്ടു. ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് ആയിരുന്നു ഫോണ്‍ കോള്‍ എത്തിയത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിസ്ഥാനം ശരിയാക്കിത്തരാമെന്നുമായിരുന്നു വിദ്യാ ബാലകൃഷ്ണന്നോട് പറഞ്ഞത്. വയനാട് എം.പിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വാട്സ്‌ആപ്പ് വഴിയാണ് വിദ്യയ്ക്ക് കോള്‍ എത്തിയത്. സംശയം തോന്നിയ എംഎല്‍എ ഉടൻ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തട്ടിപ്പ് മനസിലാക്കുകയും ചെയ്തു ചെയ്തു. പിന്നാലെ വിദ്യ കോഴിക്കോട് സൈബർ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഇതോടെയാണ് സമാന അനുഭവങ്ങള്‍ ഉണ്ടായ മറ്റ് യുഡിഎഫ് നേതാക്കളും രംഗത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക