സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മുഖ്യമന്ത്രിക്ക് പി കെ ശശി രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് പി കെ ശശി പറയുന്നത്.

രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും പി കെ ശശി പറഞ്ഞു.അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ കുറച്ച്‌ നാളുകളായി സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയാണ് പി കെ ശശി. സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ശേഷമായിരുന്നു പി കെ ശശി പാര്‍ട്ടിയുമായി അകന്നത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.

പി കെ ശശിയുടെ ഇടപെടലുകളില്‍ സിപിഐഎമ്മിനോടുള്ള അമര്‍ഷം പ്രകടമായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിന് മുന്നിലൂടെ കടന്നുപോയിട്ടും പി കെ ശശി പങ്കെടുത്തിരുന്നില്ല. കടുത്ത പനിമൂലമാണ് വിട്ടുനിന്നതെന്നായിരുന്നു പി കെ ശശി നല്‍കിയ മറുപടി. ഇതിനിടെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി രാജിവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക