ത്രിപുര ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) അനുരാഗ് ധങ്കർ മരിച്ച നിലയില്‍. അഗർത്തലയിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തുള്ള ഓഫീസ് മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗോവിന്ദ് വല്ലഭ് പന്ത് (ജിബിപി) ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അനുരാഗ് ധങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പള്‍സ്, രക്തസമ്മർദ്ദം, ശ്വാസകോശ പ്രതികരണം തുടങ്ങിയ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ജിബിപി ആശുപത്രിയിലെ ജനറല്‍ മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രദീപ് ഭൗമിക് പറഞ്ഞു. എങ്കിലും സി.പി.ആർ നല്‍കി ജീവൻ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉച്ചയ്ക്ക് 12.48-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും ഡോ. ഭൗമിക് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണകാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. വാർത്തയറിഞ്ഞ് ആരോഗ്യ, ആഭ്യന്തര വകുപ്പുകളുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ഡോ. മാണിക് സാഹ ഉടൻ തന്നെ സംസ്ഥാന പോലീസ് ആസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെങ്കിലും മാധ്യമപ്രവർത്തകരെ കാണാനോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ തയ്യാറാകാതെ അദ്ദേഹം മടങ്ങി.

1994 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അനുരാഗ് ധങ്കർ. 2025 മേയില്‍ ത്രിപുര ഡിജിപിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, ത്രിപുര പോലീസില്‍ ഡിജിപി (ഇന്റലിജൻസ്), അഡീഷണല്‍ ഡിജിപി, ഐജിപി (ക്രമസമാധാനം) (2013-2016) തുടങ്ങി വിവിധ ഉന്നത പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. കൂടാതെ സിബിഐ, ബിഎസ്‌എഫ് എന്നിവയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മികച്ച സേവനത്തിനുള്ള പോലീസ് മെഡല്‍, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ് അനുരാഗ് ധങ്കർ. 2003-2004 കാലഘട്ടത്തില്‍ കൊസോവോയിലെ ഐക്യരാഷ്ട്രസഭാ ദൗത്യത്തിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക